‘ജുഡീഷ്യറിയുടെ പ്രതിച്ഛായ തകർക്കാൻ കരുതിക്കൂട്ടിയുള്ള നീക്കം’: എൻ.സി.ഇ.ആർ.ടിക്കെതിരെ കേസെടുത്ത് സുപ്രീംകോടതി

ന്യൂഡൽഹി: എട്ടാം ക്ലാസ്സിലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമർശിച്ചതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. വിഷയത്തിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കേസെടുത്തു. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ഒരാളെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയത് കേവലം അശ്രദ്ധയല്ലെന്നും, മറിച്ച് ജുഡീഷ്യറിയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

നീതിന്യായ വ്യവസ്ഥയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് ചീഫ് ജസ്റ്റിസ് വിശേഷിപ്പിച്ചു. വ്യക്തമായ വസ്തുതകളോ കണക്കുകളോ ഇല്ലാതെ ഇത്തരം ഗൗരവതരമായ ആരോപണങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയതിനെ അദ്ദേഹം ചോദ്യം ചെയ്തു. കൃത്യമായ തെളിവുകളില്ലാതെ അഴിമതിയെക്കുറിച്ച് സാമാന്യവൽക്കരിച്ച പ്രസ്താവനകൾ നടത്തുന്നത് ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജുഡീഷ്യറിക്കെതിരെ സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന ആസൂത്രിതമായ ആക്രമണങ്ങളുടെ തുടർച്ചയായാണോ ഇതെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. ഇത്തരം ഉള്ളടക്കങ്ങൾ എങ്ങനെയാണ് പാഠപുസ്തക സമിതിയുടെ അനുമതി നേടിയതെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

വിദ്യാർഥികൾ പാഠപുസ്തകങ്ങളെ ഒരു ആധികാരിക സ്രോതസ്സായിട്ടാണ് കാണുന്നത്. കുട്ടിക്കാലം മുതൽ തന്നെ കോടതികൾ അഴിമതി നിറഞ്ഞതാണെന്ന ധാരണ കുട്ടികളിൽ വളർത്തുന്നത് നിയമവ്യവസ്ഥയിലുള്ള അവരുടെ വിശ്വാസം തകർക്കും. ഭാവി തലമുറക്ക് ജുഡീഷ്യറിയിലുള്ള ബഹുമാനം നഷ്ടപ്പെടാൻ ഇത് കാരണമാകും. ഭരണഘടനയുടെ പ്രധാന തൂണുകളിൽ ഒന്നായ നീതിന്യായ വ്യവസ്ഥയെ താഴ്ത്തിക്കെട്ടുന്നത് ജനാധിപത്യത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന് കോടതി ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരം ഉള്ളടക്കങ്ങൾ തയ്യാറാക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, എ.എം. സിങ്‌വി, മുകുൾ റോത്തഗി എന്നിവരാണ് പാഠപുസ്തകത്തിലെ വിവാദ ഭാഗങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ജനങ്ങൾ ഏറ്റവും കൂടുതൽ വിശ്വാസമർപ്പിക്കുന്ന സ്ഥാപനമായ കോടതിയെക്കുറിച്ച് സ്കൂൾ കുട്ടികളെ തെറ്റായ കാര്യങ്ങൾ പഠിപ്പിക്കുന്നത് ആക്ഷേപകരമാണെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി.

എട്ടാം ക്ലാസ്സിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ പുതുതായി ഉൾപ്പെടുത്തിയ ‘നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്’ (The Role of the Judiciary in Our Society) എന്ന പാഠഭാഗത്താണ് ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ചും കെട്ടിക്കിടക്കുന്ന കേസുകളെ കുറിച്ചും പറയുന്നത്. അഴിമതിയും കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളും നീതിന്യായ സംവിധാനത്തിന്റെ മുന്നോട്ടുപോക്കിലുള്ള വെല്ലുവിളികളാണെന്ന് പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

നീതിന്യായ സംവിധാനത്തിന്റെ വിവിധ തലങ്ങളിലെ അഴിമതി, കെട്ടിക്കിടക്കുന്ന കേസുകള്‍, ജഡ്ജിമാരുടെ കുറവ്, നിയമ നടപടികളിലെ സങ്കീര്‍ണത, അടിസ്ഥാന സൗകര്യങ്ങളിലെ കുറവ് എന്നിവയെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കൂടാതെ പുതിയ പുസ്തകത്തില്‍ കോടതികളില്‍ എത്ര കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട് എന്ന കാര്യങ്ങളും പറയുന്നുണ്ട്. സുപ്രീം കോടതിയില്‍ 81,000 കേസുകളും ഹൈകോടതികളില്‍ 62.40 ലക്ഷം കേസുകളും ജില്ലാ കോടതികളിലും കീഴ്കോടതികളിലുമായി 4.7 കോടി കേസുകളും കെട്ടിക്കിടക്കുന്നുണ്ടെന്ന് പുസ്തകം പറയുന്നു. എന്നാൽ രാഷ്ട്രീയം, ബിസിനസ് മേഖലകളിലെ അഴിമതിയെക്കുറിച്ച് പരാമർശിക്കാതെ ജുഡീഷ്യറിയെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്ന് എ.എം. സിങ്‌വി വാദിച്ചു.

Tags:    
News Summary - CJI slams NCERT chapter on judicial corruption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.