അലോക് കുമാർ, ചമ്പത് റായ്
'ചമ്പത് റായ് ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ല'; രാമക്ഷേത്ര വിവാദത്തിൽ വി.എച്ച്.പിക്ക് ഉത്തരവാദിത്തമില്ല -അലോക് കുമാർ
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളും മോഷണ ആരോപണങ്ങളും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കെ, സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) അന്താരാഷ്ട്ര അധ്യക്ഷൻ അലോക് കുമാർ രംഗത്തെത്തി. രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട വിവാദം വിശ്വാസികളുടെ വികാരത്തെ വല്ലാതെ മുറിപ്പെടുത്തിയെന്നും എന്നാൽ, ഇതിന്റെ ഉത്തരവാദിത്തം വി.എച്ച്.പിക്ക് മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും അലോക് കുമാർ പറഞ്ഞു. സംഭവത്തിൽ ക്ഷേത്ര ട്രസ്റ്റിന്റെ യോഗം ചേരാനിരിക്കെയാണ് അലോക് കുമാർ നിലപാട് വ്യക്തമാക്കിയത്.
രാമക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയായ ചമ്പത് റായ് വി.എച്ച്.പിയുടെ അന്താരാഷ്ട്ര വൈസ് പ്രസിഡന്റ് കൂടിയാണ്. എന്നാൽ, ട്രസ്റ്റിലെ അദ്ദേഹത്തിന്റെ സ്ഥാനത്തിന് വി.എച്ച്.പിയുമായി ബന്ധമില്ലെന്നും, അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് വി.എച്ച്.പിയല്ലെന്നും അലോക് കുമാർ വ്യക്തമാക്കി. അതേസമയം, അന്വേഷണ ഫലം വരുന്നതിന് മുൻപ് തന്നെ നടപടി സ്വീകരിക്കണമെന്ന ആവശ്യം അദ്ദേഹം തള്ളി. ആരോപണവിധേയർക്കെതിരെ ശക്തമായ അന്വേഷണം വേണമെന്നും, കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവർത്തിച്ചു.
അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് വി.എച്ച്.പി ആഹ്വാനത്തിന് പിന്നാലെ നാല് ആവശ്യങ്ങൾ കൂടി വി.എച്ച്.പി മുന്നോട്ട് വെച്ചിട്ടുണ്ട്. സംഭവത്തിൽ ഉടനടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക, ഉന്നത ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തുക, ഫാസ്റ്റ് ട്രാക്ക് കോടതി വഴി വിചാരണ നടത്തുക, നാല് മുതൽ അഞ്ച് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുക എന്നീ നാല് ആവശ്യങ്ങളാണ് വി.എച്ച്.പി മുന്നോട്ട് വെച്ചിരിക്കുന്നത്.
രാമക്ഷേത്ര ക്രമക്കേട് ആരോപണത്തിൽ ട്രസ്റ്റിലെ രണ്ട് പേർ ഇതിനകം രാജി വെച്ചിട്ടുണ്ട്. മറ്റ് ട്രസ്റ്റിമാർക്കെതിരെ ആരോപണങ്ങൾ ഇല്ലാത്തതിനാൽ ട്രസ്റ്റ് പിരിച്ചുവിടേണ്ട ആവശ്യം നിലവിലില്ലെന്ന് അലോക് കുമാർ അഭിപ്രായപ്പെട്ടു. അയോധ്യയിലെ സംഭവം നിർഭാഗ്യകരമാണെന്നും തങ്ങൾ ഇതിൽ ലജ്ജിക്കുന്നുവെന്നും പറഞ്ഞ അലോക് കുമാർ, കുറ്റകൃത്യത്തിൽ വി.എച്ച്.പിക്ക് പങ്കില്ലെന്നും വ്യക്തമാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഈ വിവാദം രാഷ്ട്രീയമായി ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സംഭാവനകളിലെ ക്രമക്കേടുകളെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.