സഞ്ജയ് സിങ്, അലോക് കുമാർ

രാമക്ഷേത്ര സംഭാവന തട്ടിപ്പ്: അലോക് കുമാർ പറയുന്നത് പച്ചക്കളളം; വി.എച്ച്.പി പ്രതികളെ സംരക്ഷിക്കുന്നു -എ.എ.പി നേതാവ് സഞ്ജയ് സിങ്

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവനകളിൽ നടന്ന ക്രമക്കേടുകൾ മറച്ചുവെക്കാൻ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) അന്താരാഷ്ട്ര അധ്യക്ഷൻ അലോക് കുമാർ ശ്രമിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി രാജ്യസഭാംഗം സഞ്ജയ് സിങ്. ക്ഷേത്രത്തിലെ 'ചന്ദ ചോരി' (സംഭാവന തട്ടിപ്പ്) കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന് അലോക് കുമാർ അയച്ച കത്ത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.

ക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കാൻ അലോക് കുമാർ ഡി.എസ്.പിക്ക് കത്തെഴുതിയിരുന്നു. ഈ കത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാൾ, സഞ്ജയ് സിങ്, സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ് എന്നിവരെ മാത്രമാണ് പരാമർശിച്ചിരിക്കുന്നത്. എന്നാൽ, ക്ഷേത്രത്തിലെ ക്രമക്കേടുകളെക്കുറിച്ച് നേരത്തെ പരസ്യമായി സംസാരിച്ച ബി.ജെ.പി, ആർ.എസ്.എസ്, വി.എച്ച്.പി നേതാക്കളെ ഈ കത്തിൽ ബോധപൂർവം ഒഴിവാക്കിയെന്ന് സഞ്ജയ് സിങ് കുറ്റപ്പെടുത്തി. 'അലോക് കുമാർ ചിലരെ മാത്രം ലക്ഷ്യം വെക്കുകയും പലരെയും മനപ്പൂർവം വിട്ടുപോവുകയും ചെയ്തു. അഴിമതിയെക്കുറിച്ച് സ്വന്തം സംഘടനയിലെ ആളുകൾ തന്നെ പറഞ്ഞിട്ടും അവർക്കെതിരെ കത്തിൽ പരാമർശമില്ല,' സഞ്ജയ് സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിർപ്പേന്ദ്ര മിശ്ര തന്നെ ക്ഷേത്രത്തിൽ 'മോഷണമല്ല, കൊള്ളയാണ്' നടന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ എന്തുകൊണ്ട് കത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് സഞ്ജയ് സിങ് ചോദിച്ചു. വെള്ളി ഇഷ്ടികകൾ, ശ്രീരാമന്റെ പാദുകങ്ങൾ, സ്വർണ്ണത്തിൽ എഴുതിയ രാമചരിതമാനസ് പ്രതികൾ എന്നിവ നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെടുന്ന ആളുകളുമായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ താൻ തയ്യാറാണെന്ന് സഞ്ജയ് സിങ് വ്യക്തമാക്കി. രാമക്ഷേത്ര ട്രസ്റ്റിലെ കേന്ദ്ര സർക്കാർ പ്രതിനിധിയായിരുന്ന മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗ്യാനേഷ് കുമാറിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന് കത്തെഴുതുമെന്നും അദ്ദേഹം അറിയിച്ചു.

രാമക്ഷേത്ര ട്രസ്റ്റും ബി.ജെ.പി നേതാക്കളും നേരത്തെയും വലിയ വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു. 2021ൽ സഞ്ജയ് സിങ് തന്നെ ഉന്നയിച്ച പ്രധാന ആരോപണം അയോധ്യയിലെ ഭൂമി ഇടപാടുകളിലായിരുന്നു. 2 കോടി രൂപ വിലമതിക്കുന്ന ഭൂമി മിനിറ്റുകൾക്കുള്ളിൽ 18.5 കോടി രൂപക്ക് രാമജന്മഭൂമി ട്രസ്റ്റ് വാങ്ങിയെന്നായിരുന്നു ആരോപണം. ഇത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കൂടാതെ, ബി.ജെ.പി മുൻ മീഡിയ ഇൻചാർജ് ഡോ. രജനീഷ് സിങ് ഉൾപ്പെടെയുള്ളവർ 2026 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സംഭാവന ശേഖരണത്തിലും നിർമാണ ചെലവിലും സി.ബി.ഐ/ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, നേരത്തെ ഉയർന്നുവന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞ ട്രസ്റ്റ്, എല്ലാ ഇടപാടുകളും സുതാര്യമാണെന്നും വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് ഭൂമി വാങ്ങിയതെന്നും വ്യക്തമാക്കിയിരുന്നു. ഇതിനകം 13 പ്രധാനപ്പെട്ട രേഖകൾ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കൈമാറിയിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ കൂടുതൽ രേഖകൾ പുറത്തുവിടുമെന്നും സഞ്ജയ് സിങ് വ്യക്തമാക്കി. അഴിമതി നടത്തിയവർക്കെതിരെ നടപടി എടുക്കാതെ പ്രതിപക്ഷത്തെ മാത്രം ലക്ഷ്യം വെക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

Tags:    
News Summary - AAP leader Sanjay Singh says Ram temple donation scam VHP is protecting the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.