രേഖ ഗുപ്ത
ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിനെതിരെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ നടത്തിയ നീ ആരാണ്? എന്ന പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിലേക്ക്. കെജ്‌രിവാളിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ നിരാശയുടെയും രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെയും വ്യക്തമായ തെളിവാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ആരോപിച്ചു.
അയോധ്യയിലെ രാമക്ഷേത്ര നിർമാണ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണങ്ങളെച്ചൊല്ലിയാണ് ബി.ജെ.പിയും ആം ആദ്മി പാർട്ടിയും തമ്മിലുള്ള വാക്‌പോര് മുറുകിയത്. ഹിന്ദു ദേവതകളെ അപമാനിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാക്കൾ മൗനം പാലിക്കുന്നുവെന്ന് ലഖ്നോവിൽ നടന്ന ബി.ജെ.പി ശക്തി കേന്ദ്ര സംയോജക് സമ്മേളനത്തിൽ നിതിൻ നബിൻ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് കെജ്‌രിവാൾ നിങ്ങൾ ആരാണ്? എന്ന് ചോദിച്ചത്.
എക്സ് പോസ്റ്റിലൂടെയാണ് രേഖ ഗുപ്ത നിതിൻ നബിന്റെ രാഷ്ട്രീയ പശ്ചാത്തലം വിശദീകരിച്ചുകൊണ്ട് കെജ്‌രിവാളിന് മറുപടി നൽകിയത്. ‘അരവിന്ദ് കെജ്‌രിവാൾ, ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അധ്യക്ഷനാണ് 46കാരനായ നിതിൻ നബിൻ. ബിഹാറിലെ ബങ്കിപ്പൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി നാലുതവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, യുവമോർച്ചയിലൂടെ വളർന്ന് ഈ പദവിയിലെത്തിയ വ്യക്തിയാണ്. നിലവിൽ രാജ്യസഭാംഗവുമാണ്’ രേഖ ഗുപ്ത കുറിച്ചു.
രാഷ്ട്രീയ പരാജയഭീതി മറക്കാൻ കെജ്‌രിവാൾ അഹങ്കാരം പ്രകടിപ്പിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. മുൻപ് മമത ബാനർജി അമിത് ഷായെക്കുറിച്ച് നടത്തിയ പരാമർശം ഓർമിപ്പിച്ച മുഖ്യമന്ത്രി ‘രാവണന്റെ അഹങ്കാരം പോലും തകർന്നിട്ടുണ്ട്, നിങ്ങളുടെ അഹങ്കാരം നിൽക്കുമെന്ന് കരുതുന്നുണ്ടോ?’ എന്നും ചോദിച്ചു.
ഇതിനിടെ, അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ ശക്തമായിരിക്കുകയാണ്. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന എട്ടുപേരിൽ അഞ്ചുപേരെ ചോദ്യം ചെയ്യാൻ അയോധ്യ പൊലീസ് കോടതിയിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ട്. അനുകൽ മിശ്ര, ലവ്കുഷ് മിശ്ര, രാം ശങ്കർ യാദവ്, കരുണേഷ് പാണ്ഡെ, മനീഷ് യാദവ് എന്നിവരെയാണ് ജയിൽ പരിസരത്തുവെച്ച് ചോദ്യം ചെയ്യുന്നത്.
പ്രതികളായവരിൽ പ്രൈമറി സ്കൂൾ അധ്യാപകനും, ക്ഷേത്രത്തിലെ ജീവനക്കാരും, മുൻ മെക്കാനിക്കും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ചമ്പത് റായി രാജിവെക്കുമോ എന്ന കാര്യത്തിൽ ട്രസ്റ്റിൽ ഇന്ന് നിർണ്ണായക യോഗം നടക്കുന്നുണ്ട്. അതേസമയം, പ്രതിപക്ഷ നേതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവകരമാണെന്നും, അവർക്ക് അറിവുള്ള കാര്യങ്ങൾ വെളിപ്പെടുത്താൻ അവരെ ചോദ്യം ചെയ്യണമെന്നും വി.എച്ച്.പി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.