ജന്തർ മന്തർ സംഘർഷം: പരാതികളും തെളിവുകളും സമർപ്പിക്കാൻ സുപ്രീംകോടതി സമിതിയുടെ പോർട്ടൽ
ന്യൂഡൽഹി : ജൂലൈയിൽ ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷങ്ങളെക്കുറിച്ച് പരാതികളും തെളിവുകളും സമർപ്പിക്കാൻ ഓൺലൈൻ പോർട്ടൽ ആരംഭിച്ച് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര അന്വേഷണ സമിതി. സംഭവത്തിൽ പരിക്കേറ്റവർക്കും ദൃക്സാക്ഷികൾക്കും പൊലീസുകാർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവർക്കും പരാതികളും രേഖകളും മറ്റ് തെളിവുകളും സമർപ്പിക്കാം. പരാതിക്കാരുടെയും പ്രത്യേകിച്ച് ദുർബലരായ സാക്ഷികളുടെയും വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനുള്ള സംവിധാനവും പോർട്ടലിലുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരാതിക്കാർക്ക് http://hpec.nic.in വഴി പരാതി സമർപ്പിക്കാം.
ജൂലൈയിലെ പ്രതിഷേധത്തിനിടെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന ആരോപണം, വനിതാ പ്രതിഷേധകർക്കെതിരായ അതിക്രമങ്ങൾ, ഇരുവിഭാഗങ്ങളിൽനിന്നുമുണ്ടായ ബലപ്രയോഗവും അക്രമവും, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളാണ് സമിതി പ്രധാനമായും പരിശോധിക്കുക. പ്രതിഷേധത്തിനിടെ പരിക്കേറ്റവർക്ക് വൈദ്യസഹായവും നഷ്ടപരിഹാരവും ലഭിച്ചിട്ടുണ്ടോയെന്നും പൊലീസുകാർക്കുണ്ടായ പരിക്കുകളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.
ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡി അധ്യക്ഷനായ അഞ്ചംഗ സമിതിയെയാണ് സുപ്രീംകോടതി അന്വേഷണത്തിനായി നിയോഗിച്ചത്. മുൻ ഹൈകോടതി ചീഫ് ജസ്റ്റിസ് രവി ശങ്കർ ഝാ, ഡൽഹി ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് ശാലിന്ദർ കൗർ, മുൻ സി.ബി.ഐ ഡയറക്ടർ ഋഷി കുമാർ ശുക്ല, മേഘാലയ മുൻ ഡി.ജി.പി എൽ.ആർ. ബിഷ്ണോയ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
ജൂലൈ 20ന് കൊക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ജന്തർ മന്തറിൽ സംഘർഷമുണ്ടായത്. പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതിഷേധക്കാർക്കുനേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന ആരോപണവും ഉയർന്നു. എന്നാൽ ഡൽഹി പൊലീസ് പെല്ലറ്റ് അല്ലെങ്കിൽ റബർ തോക്കുകൾ ഉപയോഗിച്ചെന്ന ആരോപണം നിഷേധിച്ചിരുന്നു.
പൊലീസ് അതിക്രമം, പ്രതിഷേധക്കാർക്കുനേരെയുണ്ടായ ബലപ്രയോഗം, പൊലീസുകാർക്കുണ്ടായ പരിക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിച്ചാണ് സുപ്രീംകോടതി സമിതിയെ നിയോഗിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് കോടതി നിർദേശിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.