കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ വൻ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച വ്യാജ ഒപ്പ് വിവാദത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന മമത ബാനർജിയുടെ കൊൽക്കത്തയിലെ വസതിയിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) പരിശോധന നടത്തി.
പ്രതിപക്ഷ നേതാവായി ശോഭൻദേവ് ചതോപാധ്യായയെ നാമനിർദ്ദേശം ചെയ്തുകൊണ്ട് നിയമസഭാ സ്പീക്കർക്ക് നൽകിയ കത്തിൽ പാർട്ടി എം.എൽ.എമാരുടെ വ്യാജ ഒപ്പുകൾ രേഖപ്പെടുത്തിയെന്ന പരാതിയിലാണ് സി.ഐ.ഡി അന്വേഷണം നടക്കുന്നത്.
പാർട്ടിയിൽ അഭൂതപൂർവമായ പിളർപ്പിന് വഴിതുറന്ന സംഭവത്തിൽ മമത ബാനർജി കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഈ നീക്കം.
കാളിഘട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും വൻ വനിതാ പൊലീസ് സന്നാഹവും ഉൾപ്പെട്ട സംസ്ഥാന അന്വേഷണ ഏജൻസി ഉച്ചക്ക് 12 മണിയോടെയാണ് 30 ബി ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള പാർട്ടിയുടെ കേന്ദ്ര ഓഫിസിലെത്തിയത്.
പ്രതിപക്ഷ നേതാവിനെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് സമർപ്പിച്ച നിർദ്ദേശത്തിൽ തൃണമൂൽ എം.എൽ.എമാരുടെ ഒപ്പുകൾ വ്യാജമായി ചമച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ട് ഏജൻസി നേരത്തെ നോട്ടീസ് നൽകിയിരുന്നു.
തൃണമൂൽ നാഷണൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഈ തിരച്ചിൽ എന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന സി.ഐ.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എം.എൽ.എമാരുടെ ഒപ്പുകൾ ശേഖരിച്ചത് 30 ബി ഹരീഷ് ചാറ്റർജി സ്ട്രീറ്റിലെ പാർട്ടിയുടെ കേന്ദ്ര ഓഫിസിൽ വെച്ചാണെന്ന് അഭിഷേക് ബാനർജി മറുപടി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്റെ ഭാഗമായി ഇവിടെയെത്തിയതെന്ന് സി.ഐ.ഡി ഉദ്യോഗസ്ഥൻ അറിയിച്ചു.
മൂന്ന് സി.ഐ.ഡി സംഘങ്ങളാണ് നിലവിൽ പരിശോധന നടത്തിയത്. ഒരു സംഘം മമത ബാനർജിയുടെ വസതിയിലാണ് പരിശോധന നടത്തിയത്. ഈ സമയത്ത് മമത ഡൽഹിയിലായിരുന്നു. രണ്ടാമത്തെ സംഘം മമതയുടെ അനന്തരവനും എം.പിയുമായ അഭിഷേക് ബാനർജിയുടെ ഓഫീസിലും, മൂന്നാമത്തെ സംഘം അഭിഷേക് ബാനർജിയുടെ വസതിയിലുമാണ് പരിശോധന നടത്തിയത്.
മുതിർന്ന തൃണമൂൽ എം.എൽ.എ ശോഭൻദേവ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കാൻ സ്പീക്കർക്ക് അയച്ച നിർദ്ദേശത്തിൽ പല ജനപ്രതിനിധികളുടെയും ഒപ്പുകൾ വ്യാജമായി രേഖപ്പെടുത്തിയെന്ന ആരോപണത്തോടെയാണ് വിവാദങ്ങളുടെ തുടക്കം.
സമർപ്പിച്ച പ്രമേയം കെട്ടിച്ചമച്ചതാണെന്നും, 70 ഒപ്പുകളിൽ 14 എണ്ണം ‘ബ്ലോക്ക് ലെറ്ററുകളിൽ'’ എഴുതിയതാണെന്നും കാണിച്ച് ഋതബ്രത ബാനർജി, സന്ദീപൻ സാഹ എന്നീ രണ്ട് തൃണമൂൽ എം.എൽ.എമാർ സ്പീക്കർക്ക് പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും സി.ഐ.ഡി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഇരു എം.എൽ.എമാരുടെയും പേരുകൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പരസ്യമാക്കിയതിന് തൊട്ടുപിന്നാലെ, ‘പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ’ ആരോപിച്ച് തൃണമൂൽ കോൺഗ്രസ് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.