മതപരിവർത്തന നിരോധന നിയമം, വ്യാജ കേസുകൾ; മോദിക്ക് കത്തെഴുതി ​ക്രൈസ്തവ സംഘടനാ പ്രതിനിധികൾ

ന്യൂഡൽഹി: മതപരിവർത്തന നിരോധന നിയമത്തിലെ വിവേചനം, സമുദായ അംഗങ്ങൾ​െക്കതിരായ വ്യാജ കേസുകൾ തുടങ്ങിയ വിഷയങ്ങളിൽ മോദിക്ക് കത്തെഴുതി ​ക്രൈസ്തവ സംഘടന പ്രതിനിധികൾ. രാജ്യത്ത് ക്രിസ്ത്യാനികൾ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളെയും വിവേചനങ്ങളുമാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഫെഡറേഷൻ ഓഫ് കാത്തലിക് അസോസിയേഷൻസ് ആർക്ഡിയോസിസ് ഡൽഹി (എഫ്‌.സി.എ.എ.ഡി) പ്രസിഡന്റും യുനൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ ദേശീയ കോ-ഓർഡിനേറ്ററുമായ എ.സി.മൈക്കൽ ആണ് മോദിക്ക് കത്തെഴുതിയത്.

ഏപ്രിൽ 21നാണ് കത്ത് എഴുതിയിരിക്കുന്നത്. കത്തിൽ മൂന്ന് പ്രധാന ആശങ്കകളാണ് ഉന്നയിച്ചിരിക്കുന്നത്. ഒന്നാമതായി, ‘മതസ്വാതന്ത്ര്യത്തിന്റെ പേരിൽ’ 11 സംസ്ഥാനങ്ങളിൽ പാസാക്കിയ പുതിയ നിയമങ്ങൾ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് എതിരായതാണെന്ന് എ.സി.മൈക്കൽ കുറിച്ചു. ബി.ജെ.പി സർക്കാറുകൾ ‘ലൗ ജിഹാദ്’ എന്ന ആരോപണത്തിന്റെ മറവിൽ ഈ നിയമം നടപ്പാക്കുന്നതിന് പ്രേരണനൽകുകയാണ്. മതന്യൂനപക്ഷങ്ങളെ ദ്രോഹിക്കാൻ ഈ നിയമങ്ങൾ ഉപയോഗിക്കുന്നുവെന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി റിപ്പോർട്ടുകൾ തെളിയിക്കുന്നതായും കത്തിൽ പറയുന്നു.

‘മതപരിവർത്തന നിരോധന ബിൽ ആർട്ടിക്കിൾ 25 ന്റെ ആത്മാവിന് എതിരാണ്. അത്തരം പല സംസ്ഥാനങ്ങളിലും, ക്രിസ്ത്യൻ സമുദായ അംഗങ്ങളെ മതപരിവർത്തനത്തിന്റെ വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങൾ ചുമത്തി ഉപദ്രവിക്കുകയും തടവിലാക്കപ്പെടുകയും ചെയ്യുന്നു’-കത്തിൽ പറഞ്ഞു.

രണ്ടാമതായി, ഭരണഘടനയ്ക്ക് കീഴിൽ സംരക്ഷിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കൂളുകളുടെ പ്രാധാന്യത്തെക്കുറിച്ചാണ് കത്തിലുള്ളത്. ഇന്ത്യയിലെ ന്യൂനപക്ഷ സ്കൂളുകളിൽ 72 ശതമാനവും ക്രിസ്ത്യാനികളാണെന്ന് മൈക്കൽ പറയുന്നു. ‘ഇന്ത്യയിൽ ക്രൈസ്തവ സമൂഹം നടത്തുന്ന 54,000-ത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഈ സ്ഥാപനങ്ങൾ മതപരവും ഭാഷാപരവും സാമ്പത്തികമായി വെല്ലുവിളി നേരിടുന്നതുമായ ആറ് കോടിയിലധികം കുട്ടികൾക്കും യുവാക്കൾക്കും വിദ്യാഭ്യാസം നൽകുന്നു’.

ഈ സ്കൂളുകൾ ഇപ്പോൾ ഭൂരിപക്ഷ സമുദായ അംഗങ്ങളിൽ നിന്നുള്ള ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും കത്തിൽ പറയുന്നു. ‘ഇന്ന്, നമ്മുടെ പല സ്കൂളുകളും കോളേജുകളും ആക്രമണത്തിനിരയായിരിക്കുന്നു. അക്രമാസക്തമായ ആൾക്കൂട്ട ആക്രമണങ്ങളും കല്ലേറും കനത്ത സ്വത്ത് നാശവും നേരിടേണ്ടി വന്നിട്ടുണ്ട്. പ്രിൻസിപ്പൽമാരും അധ്യാപകരും നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം ഉയരുകയാണ്’-കത്ത് തുടരുന്നു.

മൂന്നാമതായി, ഇന്ത്യയിലെ ദളിത് ക്രിസ്ത്യാനികൾ തുടർച്ചയായ പാർശ്വവൽക്കരണം അനുഭവിക്കുന്നതായി കത്തിൽ പറയുന്നു.. ദളിത് ക്രിസ്ത്യാനികൾ "അധകൃതരും പാർശ്വവൽക്കരിക്കപ്പെട്ടവരുമാണെന്ന്" സ്ഥിതിവിവരക്കണക്കുകൾ തെളിയിക്കുന്നു, എന്നിട്ടും അവർക്ക് പട്ടികജാതിക്കാർക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

‘ഊർജ്ജസ്വലമായ ജനാധിപത്യം എന്നാൽ നമ്മുടെ രാജ്യത്തെ ഓരോ വ്യക്തിയുടെയും സമാധാനപരമായ സഹവർത്തിത്വമാണ്. ഇന്ത്യയുടെ ഈ മഹത്തായ വൈവിധ്യത്തെ നമുക്ക് ഉൾക്കൊള്ളാം. തെറ്റിദ്ധരിക്കപ്പെട്ട ഏതാനും ആളുകളവൽ അതിനെ കഴുത്തു ഞെരിച്ചു കൊല്ലാൻ അനുവദിക്കരുതെന്നും കത്തിൽ എ.സി.മൈക്കൽ പറയുന്നു.​

Tags:    
News Summary - Christian Groups Write to Modi on Discriminatory Anti-Conversion Laws, False Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.