പട്‌ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയെ വെട്ടിലാക്കി കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ. സീറ്റ് വിഭജനത്തെ ചൊല്ലി സഖ്യത്തിൽ ഭിന്നത നിലനിൽക്കെ, പാസ്വാന്‍റെ ലോക് ജനശക്തി പാർട്ടിയും (എൽ.ജെ.പി) തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്‍റെ ജന്‍ സുരാജ് പാര്‍ട്ടിയും സഖ്യത്തിനുള്ള ചർച്ചകൾ നടത്തിയതായാണ് പുറത്തുവരുന്ന വിവരം.
‘രാഷ്ട്രീയത്തില്‍ വാതിലുകള്‍ എപ്പോഴും തുറന്നുകിടക്കുകയാണ്’ എന്നാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് എൽ.ജെ.പി നേതൃത്വം പ്രതികരിച്ചത്. പ്രശാന്ത് കിഷോറുമായി സഖ്യം തള്ളിക്കളയനാവില്ലെന്നും എൽ.ജെ.പി നേതാക്കൾ വ്യക്തമാക്കിയതായാണ് വിവരം. എൻ.ഡി.എ സഖ്യത്തിൽ എൽ.ജെ.പി കൂടുതൾ സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. 40നും 50നും ഇടയിലുള്ള സീറ്റുകളാണ് എൽ.ജെ.പി ആവശ്യപ്പെടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളിൽ അഞ്ചില്‍ അഞ്ചും ജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് നേതൃത്വം കൂടുതൽ സീറ്റുകൾ എന്ന ആവശ്യം മുന്നോട്ടുവെച്ചത്.
എന്നാല്‍ 25 സീറ്റുകളില്‍ കൂടുതല്‍ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ബി.ജെ.പിയും ജെ.ഡി.യുവും. സീറ്റ് തർക്കത്തിനിടെയാണ് എല്‍.ജെ.പി പ്രശാന്ത് കിഷോറുമായി ചര്‍ച്ചകള്‍ നടത്തിയെന്ന വിവരം പുറത്തുവരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് എല്‍.ജെ.പി ഒറ്റക്കാണ് മത്സരിച്ചത്. ഒരു സീറ്റിലും ജയിക്കാനായില്ലെങ്കിലും ജെ.ഡി.യുവിന് കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു. 243 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇതിൽ 200 സീറ്റുകൾ ബി.ജെ.പിയും ജെ.ഡി.യുവും പങ്കിട്ടെടുക്കുമെന്നാണ് വിവരം. ബാക്കി വരുന്ന സീറ്റുകളാണ് എൽ.ജെ.പി ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് നൽകുക. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷം തികക്കാൻ വേണ്ടത്. ബി.ജെ.പിയുടെ പിന്തുണയോടെ ജെ.ഡി.യു സഖ്യമാണ് ഇപ്പോൾ ബിഹാർ ഭരിക്കുന്നത്. എന്നാൽ, കന്നിയങ്കത്തിന് ഇറങ്ങുന്ന പ്രശാന്ത് കിഷോറുമായി സഖ്യമുണ്ടാക്കുന്നത് പാർട്ടിക്ക് സംസ്ഥാനത്ത് തിരിച്ചടിയാകുമെന്നും എൽ.ജെ.പിയിൽ തന്നെ അഭിപ്രായമുണ്ട്.
സീറ്റ് വിഭജനത്തെ ചൊല്ലി ആർ.ജെ.ഡി-കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിലും കല്ലുകടി നിലനിൽക്കുന്നുണ്ട്. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിന് ഇനി 30 ദിവസം പോലുമില്ല. നവംബർ ആറ്, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. നവംബർ 14ന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.