ചൈന കടന്നുകയറാൻ ​ശ്രമിച്ചു; തുരത്തി -പ്രതിരോധ മന്ത്രി

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ് യാങ്ത്സെ അതിർത്തി പ്രദേശത്ത് തൽസ്ഥിതി മാറ്റിമറിക്കാൻ ചൈനീസ് പട്ടാളം കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ഏകപക്ഷീയ ശ്രമം ഇന്ത്യൻ സേനാംഗങ്ങൾ ധീരമായി പരാജയപ്പെടുത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ്സിങ്.

സേനയുടെ നിശ്ചയദാർഢ്യത്തോടെയുള്ള ചെറുത്തുനിൽപിനെ തുടർന്ന് ചൈനീസ് സേന അവരുടെ താവളങ്ങളിലേക്ക് തിരിച്ചു പോയെന്നും പാർലമെന്‍റിന്‍റെ ഇരുസഭകളിലും സ്വമേധയാ നടത്തിയ പ്രസ്താവനയിൽ മന്ത്രി വിശദീകരിച്ചു. യഥാർഥ നിയന്ത്രണ രേഖ മറികടക്കാൻ ചൈന ശ്രമിച്ചു. ഇതു നേരിട്ട് ഏറ്റുമുട്ടലിന് വഴിവെച്ചു. ഇരുപക്ഷത്തെയും സേനാംഗങ്ങൾക്ക് പരിക്കുണ്ട്. ആളപായമോ സേനാംഗങ്ങളിൽ ആർക്കും ഗുരുതര പരിക്കോ ഇല്ല.

വെള്ളിയാഴ്ച നടന്ന സംഭവത്തെ തുടർന്ന് ഇന്ത്യൻ സേനയുടെ മേഖല കമാൻഡർ ചൈനീസ് സേനാ പ്രതിനിധിയുമായി ഞായറാഴ്ച ഫ്ലാഗ് മീറ്റിങ് നടത്തി. ഇത്തരം ചെയ്തികളിൽനിന്ന് വിട്ടുനിൽക്കാനും അതിർത്തിയിൽ സമാധാനവും സഹിഷ്ണുതയും പരിപാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്ര മാർഗങ്ങളിലും ചൈനയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ഭൂപ്രദേശത്തിന്‍റെ അഖണ്ഡത കാത്തുസുക്ഷിക്കാൻ സേന പ്രതിജ്ഞാബദ്ധമാണ്. അത്തരം ഏതു നീക്കവും ചെറുക്കും. സേനയുടെ ധീരമായ നീക്കത്തിനൊപ്പം പാർലമെന്‍റ് ഒന്നാകെയുണ്ടെന്ന് ബോധ്യമുണ്ട് -മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയാണ് രാജ്യസഭയിൽ വിഷയം ഉന്നയിച്ചത്. ആരും ഇന്ത്യൻ മണ്ണിൽ കടക്കുകയോ കൈയടക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി 2020 ജനുവരിയിൽ പറഞ്ഞത് മറയാക്കിയാണ് ചൈന മുന്നോട്ടു നീങ്ങുന്നതെന്ന് ഖാർഗെ പറഞ്ഞു. തൽസ്ഥിതി തുടരണമെന്ന ആവശ്യങ്ങൾക്കിടയിൽ ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കുകയാണ് ചൈന. ചൈനയുടെ കൈയേറ്റത്തിനു മുന്നിൽ സർക്കാർ നിശ്ശബ്ദ കാഴ്ചക്കാരായി നിൽക്കുന്നത് രാജ്യസുരക്ഷയും അതിർത്തി ഭദ്രതയും അപകടത്തിലാക്കുന്നുവെന്ന് ഖാർഗെ കൂട്ടിച്ചേർത്തു.

Tags:    
News Summary - China tried to invade -Defence Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.