സൈന്യം

ചൈന ഇന്ത്യയുടെ 50 കി.മീറ്റർ പ്രദേശം കൈയേറിയെന്ന് അരുണാചൽ കോൺഗ്രസ് പ്രസിഡന്റ്

ഗുവാഹത്തി: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരി ജില്ലയിൽ ചൈനീസ് സൈന്യം 40 മുതൽ 50 കിലോമീറ്റർ വരെ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയതായി അരുണാചൽ പ്രദേശ് കോൺഗ്രസ് പ്രസിഡന്റും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ ബോസിറാം സിറാം ആരോപിച്ചു. തിങ്കളാഴ്ചയാണ് അദ്ദേഹം ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്.

എന്നാൽ ഈ ആരോപണത്തെ കേന്ദ്രമന്ത്രി കിരൺ റിജിജുവും അരുണാചൽ മുഖ്യമന്ത്രി പെമ ഖണ്ഡുവും ശക്തമായി നിഷേധിച്ചു. 60 കിലോമീറ്റർ നുഴഞ്ഞുകയറ്റം എന്ന അവകാശവാദം റിജിജു തള്ളിയെങ്കിലും, ഉയർന്ന മലനിരകളിൽ ചൈനീസ് സാന്നിധ്യം വർധിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. യാതൊരു നുഴഞ്ഞുകയറ്റവും നടക്കുന്നുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പെമ ഖണ്ഡു പ്രതികരിച്ചു.

ആഗസ്റ്റ് 26 മുതൽ 29 വരെ കോൺഗ്രസ് പ്രതിനിധി സംഘം അതിർത്തി മേഖലകൾ സന്ദർശിച്ചിരുന്നതായി ബോസിറാം സിറാം പറഞ്ഞു. ഇറ്റാനഗറിൽ നിന്ന് നാച്ചോ വഴി ലൈംകിംഗിലേക്കും ടാക്‌സിംഗിലേക്കും യാത്ര ചെയ്ത സംഘം പ്രദേശവാസികളുമായി സംസാരിച്ചു. കോൺഗ്രസ് വർക്കിങ് പ്രസിഡന്റും മുൻ ആഭ്യന്തര മന്ത്രിയുമായ തംഗ ബയാലിംഗും അപ്പർ സുബൻസിരി എംപി ജറോദം ക്രിയും സംഘത്തിലുണ്ടായിരുന്നു.

ചൈനീസ് സൈന്യം ഇതിനകം ഇന്ത്യൻ പ്രദേശത്തേക്ക് 40 മുതൽ 50 കിലോമീറ്റർ വരെ മുന്നേറി കഴിഞ്ഞു. ഇപ്പോൾ അവർ മലമുകളിലും നമ്മൾ താഴ്ഭാഗത്തുമാണ് നിലയുറപ്പിച്ചിരിക്കുന്നത് സിറാം പറഞ്ഞു. എന്നാൽ ഇത്തരം ആരോപണങ്ങൾ വരുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ ജൂണിൽ 'നാ വെൽഫെയർ സൊസൈറ്റി' എന്ന പ്രാദേശിക സംഘടനയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.

ടാക്‌സിങ്ങിന് സമീപം പി‌എൽ‌എ സാന്നിധ്യം വർധിപ്പിച്ചുവെന്നായിരുന്നു അവരുടെ അവകാശവാദം. എന്നാൽ ഇന്ത്യൻ സൈന്യം അത് തെറ്റായതും യാതൊരു അടിസ്ഥാനവുമില്ലാത്തതുമാണ് എന്ന് പറഞ്ഞ് തള്ളിയിരുന്നു. ആഗസ്റ്റിൽ, പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ സംഘം ഇന്ത്യൻ പട്രോളിങ് സംഘങ്ങൾക്ക് പ്രധാന പോയിന്റുകളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുന്നുവെന്ന് അവകാശപ്പെട്ടിരുന്നു.

‘അതിർത്തിയിൽ നുഴഞ്ഞുകയറ്റമോ ആക്രമണാത്മക പ്രവർത്തനമോ ഉണ്ടായിട്ടില്ലെങ്കിൽ, എന്തുകൊണ്ടാണ് താമസക്കാർ ആവർത്തിച്ച് ഈ പരാതികൾ ഉന്നയിക്കുന്നത്? ഈ ആരോപണങ്ങളെ കേവലം കിംവദന്തികളായി തള്ളിക്കളയുന്നതിനു പകരം, സമഗ്രവും നിഷ്പക്ഷവുമായ വസ്തുതാപരമായ അന്വേഷണം നടത്തണമെന്നും ബോസിറാം സിറാം പറഞ്ഞു.

ഐടിബിപി ഡയറക്ടർ ജനറൽ ശത്രുജിത് സിങ് കപൂറിന്റെ മുഖാമുഖ സ്ഥലങ്ങളെക്കുറിച്ചുള്ള സമീപകാല പരാമർശങ്ങളും സിറാം ഉദ്ധരിച്ചു. ‘അതിർത്തിയുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങൾ ആരോപണങ്ങളോ കിംവദന്തികളോ ആണെന്ന് തള്ളിക്കളഞ്ഞ് അവഗണിക്കരുത്. രാജ്യത്തിന്റെ അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കാനും അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളുടെ അവകാശങ്ങളും ഉപജീവനമാർഗങ്ങളും സംരക്ഷിക്കാനും വസ്തുതകൾ സ്ഥാപിക്കണം’ അദ്ദേഹം പറഞ്ഞു.

ഓൺലൈൻ മാപ്പുകളിൽ നിന്ന് പോലും പ്രദേശങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. ആസാഫില ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ ഉയർന്ന പ്രദേശങ്ങളെല്ലാം ഇപ്പോൾ ചൈനയുടെ നിയന്ത്രണത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ചൈനയുടെ നുഴഞ്ഞുകയറ്റത്തിലും അതിർത്തിയിലെ സാഹചര്യത്തിലും ഞങ്ങൾക്ക് ആഴത്തിലുള്ള ആശങ്കയുണ്ട്. പ്രദേശം നേരിട്ട് സന്ദർശിച്ചപ്പോൾ കാര്യങ്ങൾ ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ടു സിറാം പറഞ്ഞു. ചൈനീസ് സൈന്യത്തിന്റെ ഈ കടന്നുകയറ്റം അവിടത്തെ സാധാരണക്കാരുടെ ജീവിതത്തെയും പരമ്പരാഗത തൊഴിലുകളെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - China Intrudes Deep Inside Arunachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.