ഉമർ ഖാലിദിന്റെ പുസ്തകവും വേണ്ട! ലൈബ്രറിയിൽനിന്ന് നീക്കി പുണെ ഐ.ഐ.എസ്.ഇ.ആർ
പുണെ : പൗരത്വ സമരം നയിച്ചതിന്റെ പേരിൽ ഗൂഢാലോചനക്കുറ്റം കുറ്റം ചുമത്തി ജയിലിലടച്ച ഉമർ ഖാലിദിന്റെ പുസ്തകം ലൈബ്രറിയിൽനിന്ന് നീക്കം ചെയ്ത് പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐ.ഐ.എസ്.ഇ.ആർ). നടപടി പുസ്തകത്തെ ചൊല്ലി അസ്വസ്ഥതയുണ്ടാവാതിരിക്കാനെന്ന് അധികൃതർ.
ഖാലിദിന്റെ ഗവേഷണപ്രബന്ധത്തെ അടിസ്ഥാനമാക്കി ഈ വർഷം പ്രസിദ്ധീകരിച്ച 'ഫ്രാക്ചേർഡ് കമ്മ്യൂണിറ്റീസ്: ആദിവാസി ഹിസ്റ്ററീസ് ആൻഡ് ദി പൊളിറ്റിക്സ് ഓഫ് പവർ' എന്ന പുസ്തകമാണ് ലൈബ്രറിയിൽ നിന്നും പിൻവലിച്ചത്. ജാർഖണ്ഡിലെ സിങ്ഭൂം മേഖലയിലെ ആദിവാസി സമൂഹങ്ങളുടെ ചരിത്രവും ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്തെ അധികാരബന്ധങ്ങളുമാണ് പുസ്തകത്തിലെ പ്രധാന വിഷയങ്ങൾ. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സമർപ്പിച്ച ഖാലിദിന്റെ ഡോക്ടറൽ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് കൃതി.
പുസ്തകം ലൈബ്രറിയിൽ ഉൾപ്പെടുത്തിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നതിനു പിന്നാലെയാണ് നടപടിയെന്നാണ് അധികൃതർ പറയുന്നത്. കേന്ദ്രസർക്കാർ ധനസഹായം നൽകുന്ന ശാസ്ത്രഗവേഷണ സ്ഥാപനത്തിന്റെ ലൈബ്രറിയിൽ ഖാലിദിന്റെ പുസ്തകം ഉൾപ്പെടുത്തിയതിനെ ചിലർ ചോദ്യം ചെയ്തെന്നും അധികൃതർ പറയുന്നു. അതേസമയം, പുസ്തകം പിൻവലിച്ച നടപടിക്കെതിരെ ആളുകൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ വിമർശനത്തെത്തുടർന്ന് പുസ്തകം പിൻവലിച്ചത് നിരാശാജനകമാണെന്നും ഗവേഷണസ്ഥാപനങ്ങൾ അക്കാദമിക സ്വാതന്ത്ര്യവും ആശയങ്ങളുടെ തുറന്ന കൈമാറ്റവും സംരക്ഷിക്കണമെന്നും ആളുകൾ ചൂണ്ടിക്കാട്ടി.
2020 ഫെബ്രുവരിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങൾക്കിടെ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനുപിന്നിൽ മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബർ 13-ന് ഡൽഹി പൊലീസ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ അമരാവതിയിൽ ഖാലിദ് നടത്തിയ പ്രസംഗം കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് പ്രോസിക്യൂഷൻ ആരോപിച്ചെങ്കിലും, അത് സമാധാനപരമായ പ്രതിഷേധ ആഹ്വാനം മാത്രമായിരുന്നെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.