കേന്ദ്രത്തിന്റെ ഡാറ്റാ സ്വകാര്യതാ നിയമത്തിനെതിരെ മാധ്യമങ്ങൾ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമത്തിനെതിരെ രാജ്യത്തെ പ്രമുഖ വാർത്താ മാധ്യമ സ്ഥാപനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചു. എൻ.ഡി.ടി.വി , സി.എൻ.എൻ-ന്യൂസ്18 എന്നിവയുൾപ്പെടെ 21 പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ ആണ് പുതിയ നിയമത്തിലെ വ്യവസ്ഥകൾക്കെതിരെ ഹരജി നൽകിയത്. സുപ്രീംകോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കോസ് ലിസ്റ്റ് പ്രകാരം, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച ഹരജികൾ പരിഗണിക്കും.
പൗരന്മാരുടെ ഡിജിറ്റൽ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് നരേന്ദ്ര മോദി സർക്കാർ പുതിയ ഡാറ്റാ സ്വകാര്യതാ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഗൂഗിൾ, മെറ്റ തുടങ്ങിയ പ്രമുഖ ആഗോള ടെക് പ്ലാറ്റ്‌ഫോമുകൾക്ക് ഉപഭോക്തൃ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ നിഷ്കർഷിക്കുന്നതാണ് ഈ നിയമം. എന്നാൽ, മാധ്യമ സ്ഥാപനങ്ങളെ ഇതിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാത്തത് ഭരണഘടനാപരമായ പത്രസ്വാതന്ത്ര്യത്തിന് കനത്ത ഭീഷണിയാണെന്ന് മാധ്യമ സ്ഥാപനങ്ങൾ വാദിക്കുന്നു.
പുതിയ നിയമം നിലവിൽ വരുന്നതോടെ സ്വതന്ത്രവും അന്വേഷണാത്മകവുമായ പത്രപ്രവർത്തനം തടസ്സപ്പെടുമെന്നും റിപ്പോർട്ടർമാർക്ക് വിവരങ്ങൾ നൽകുന്ന രഹസ്യ സ്രോതസ്സുകളുടെ സുരക്ഷ അപകടത്തിലാകുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. വാർത്തകൾ തയ്യാറാക്കുന്നതിന് മുൻപായി ബന്ധപ്പെട്ട വ്യക്തികളിൽ നിന്ന് മുൻകൂർ സമ്മതം വാങ്ങാൻ റിപ്പോർട്ടർമാർ നിർബന്ധിതരാകുമെന്നും, വിവരങ്ങൾ കൈമാറാനുള്ള സർക്കാർ ആവശ്യങ്ങൾക്ക് മുന്നിൽ രഹസ്യ സ്രോതസ്സുകൾ തുറന്നുകാട്ടപ്പെടുമെന്നും മാധ്യമങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ, മാധ്യമ പ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന ഡാറ്റാ സ്വകാര്യതാ നിയമം റദ്ദാക്കണമെന്നും ആവശ്യമായ മറ്റ് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നുമാണ് മാധ്യമ കൂട്ടായ്മ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.