മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ മുംബൈ-ഗോവ ഹൈവേയിൽ വാനും ലോറിയും കൂട്ടിയിടിച്ച് ഒമ്പത് പേർ മരിച്ചു. അപകടത്തിൽ ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരെല്ലാം ബന്ധുക്കളാണ്. മുംബൈയിൽ നിന്ന് 130 കിലോമീറ്റർ അകലെ റായ്ഗഡിലെ റെപോളി ഗ്രാമത്തിൽ പുലർച്ചെ 4.45നായിരുന്നു അപകടം.
രത്‌നഗിരി ജില്ലയിലെ ഗുഹാഗറിലേക്ക് പോവുകയായിരുന്ന വാനും മുംബൈയിലേക്ക് പോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അമിതവേഗതയിലെത്തിയ ലോറി വാനിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു.
മരിച്ചവരിൽ ഒരു പെൺകുട്ടിയും മൂന്ന് സ്ത്രീകളും അഞ്ച് പുരുഷന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് സോമനാഥ് ഗാർഗെ പറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് ഹൈവേയിലെ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഇപ്പോൾ തടസം നീക്കിയിട്ടുണ്ട്.
അപകടത്തിൽ പരിക്കേറ്റ നാലുവയസുകാരിയെ മാൻഗോവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. അപകടത്തിന്റെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് ഉഗ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.