നരേന്ദ്ര മോദി
36 ലക്ഷം ദീപങ്ങൾ, യുവജന ഘോഷയാത്ര: നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി ഛത്തീസ്ഗഡ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനവും ഭരണഘടനാ പദവികളിൽ 25 വർഷം പൂർത്തിയാക്കുന്നതിന്റെയും ഭാഗമായി ഛത്തീസ്ഗഢിൽ വിപുലമായ ആഘോഷങ്ങൾ. സെപ്റ്റംബർ 17ന് സംസ്ഥാനത്തുടനീളം 36 ലക്ഷം ദീപങ്ങൾ തെളിക്കുമെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി വിജയ് ശർമ റായ്പൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2001 ഒക്ടോബർ മുതൽ ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രിയായും കാൽനൂറ്റാണ്ട് നീണ്ട നരേന്ദ്ര മോദിയുടെ പൊതുസേവന കാലഘട്ടത്തെ ആദരിച്ചുകൊണ്ടാണ് ഈ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന 'സേവ സങ്കൽപ്പ് അഭിയാൻ' എന്ന ബൃഹത്തായ ക്യാമ്പയിനാണ് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. കേവലം ഒരു ഔദ്യോഗിക പരിപാടിക്കപ്പുറം ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയുള്ള ഒരു വലിയ സാമൂഹിക മുന്നേറ്റമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഓരോ പോളിങ് ബൂത്തിലും കുറഞ്ഞത് 100 ദീപങ്ങൾ വീതം തെളിയിക്കും. പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനും ദീർഘായുസിനുമായി കുടുംബങ്ങളും നാട്ടുകാരും ഒത്തുകൂടി 'വിക്ഷിത് ഭാരത് 2047' എന്ന ലക്ഷ്യത്തിലേക്കുള്ള കൂട്ടായ പ്രതിജ്ഞയെടുക്കും.
ഒക്ടോബർ 7ന് പ്രധാനമന്ത്രി ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രത്യേക ദീപശിഖകളും വലിയ എൽ.ഇ.ഡി സ്ക്രീനുകളും സ്ഥാപിക്കും. ഇതിലൂടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ഒരേസമയം പൊതുജനങ്ങൾക്ക് കാണാൻ സാധിക്കും. മോദിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ വഡ്നഗറിൽ നിന്ന് വാരാണസിയിലേക്ക് പുറപ്പെടുന്ന പ്രത്യേക യുവജന ഘോഷയാത്ര ഛത്തീസ്ഗഢിലെ കാവർധ, കൊരിയ തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകും.
ഇതിനുപുറമെ, ജനങ്ങളിൽ സേവനമനോഭാവം വളർത്തുന്നതിനായി 'സേവ മേര യോഗ്ദാൻ' പദ്ധതിയുടെ കീഴിൽ വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളും സംഘടിപ്പിക്കും. രംഗോലി മത്സരങ്ങൾ, സ്കൂൾ വിദ്യാർഥികൾക്കായുള്ള ചിത്രരചന-പ്രസംഗ മത്സരങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികൾ ഒറ്റക്കെട്ടായി ലഭ്യമാക്കുന്ന 'സേവ സേതു' ക്യാമ്പുകൾ എന്നിവയും ഈ ഒരു മാസം നീളുന്ന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കുമെന്ന് മന്ത്രി വിജയ് ശർമ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.