ചെന്നൈ: ഒറ്റ തൂണിൽ അഞ്ച് ട്രാക്കുകൾ നിർമിച്ച് പുതിയ ലോക റെക്കോർഡ് സൃഷ്‌ടിക്കാനൊരുങ്ങി ചെന്നൈ മെട്രോ. നഗരത്തിലെ മെട്രോ റെയിൽ ശൃംഖല വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചെന്നൈ മെട്രോ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമാണ് ഈ നൂതന എൻജിനീയറിങ് വിസ്മയം.
ചെന്നൈ വടപളനിയിൽ നിന്ന് പോരൂരിലേക്ക് നാല് കിലോമീറ്റർ ദൂരത്തിൽ നാല് ട്രെയിനുകൾ കടന്നുപോകാൻ ഡബിൾ ഡെക്കർ പാലം നിർമിക്കുന്നതാണ് പദ്ധതി. ആർക്കോട് റോഡ് മേഖലയിൽ തുരങ്കം നിർമിക്കാനാണ് ചെന്നൈ മെട്രോ റെയിൽ ഭരണകൂടം ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും ഇത് 5000 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കും. ഈ അധികച്ചെലവ് ഒഴിവാക്കാനാണ് ഒരു തൂണിൽ അഞ്ച് ട്രാക്കുകൾ നിർമിക്കാൻ അധികൃതർ തീരുമാനിച്ചത്.
കൂടാതെ, തീവണ്ടികൾക്ക് ട്രാക്കുകൾ മാറാൻ ആർക്കോട് റോഡ് പ്രദേശത്ത് ഒരു ലൂപ്പ് ലൈൻ നിർമ്മിക്കുന്നു. ഈ സങ്കീർണമായ നിർമിതി നിലനിൽക്കുന്നത് ഒറ്റ തൂണിൻ മേലാണ്. ലോകത്തുതന്നെ ആദ്യമായിരിക്കും ഇത്തരമൊരു നിർമിതിയെന്ന് ചെന്നൈ മെട്രോ റെയിൽ കോർപറേഷൻ പ്രോജക്ട് ഡയറക്ടർ ടി. അർജുനൻ പറഞ്ഞു.
വടപളനി മുതൽ പോരൂർ വരെയുള്ള നാല് കിലോമീറ്റർ ദൂരത്തിൽ അഞ്ച് ട്രാക്കുകൾ ഇരട്ട പാളികളായി സ്ഥാപിച്ചിട്ടുണ്ടെന്നും ഒരു തൂണിൽ നാല് ട്രെയിനുകൾ ഓടിക്കാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു. ഈ നൂതനമായ പരിഹാരം പണം ലാഭിക്കുക മാത്രമല്ല, പദ്ധതിയുടെ സമയപരിധി കുറയ്ക്കുകയും ചെയ്യും. അഞ്ച് ട്രാക്കുകളുടെ ഭാരം താങ്ങാൻ 75 മീറ്റർ ആഴത്തിൽ മണ്ണിൽ കുഴിച്ചിട്ട തൂണുകളാണ് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.