'പെൺസുഹൃത്ത് നൽകുന്നത് 0% പലിശ, എന്നാൽ ഞങ്ങളുടെ എഫ്.ഡിക്ക് 14.40%'; പരസ്യം സ്ത്രീകളെ അപമാനിക്കുന്നുവെന്ന്

ചെന്നൈ: ചെന്നൈ മെട്രോ ട്രെയിനിനുള്ളിൽ സ്ഥാപിച്ച സ്ഥിര നിക്ഷേപ (എഫ്.ഡി) പരസ്യം സ്ത്രീകളെ അപമാനിക്കുന്നതും വസ്തുവായി ചിത്രീകരിക്കുന്നതുമാണെന്ന ആക്ഷേപം. തിരുവള്ളൂർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പരസ്യമാണ്  വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

"പെൺസുഹൃത്ത് നൽകുന്നത് 0% പലിശ, എന്നാൽ ഞങ്ങളുടെ എഫ്.ഡിക്ക് 14.40%" എന്ന വിവാദ വാചകമാണ് പരസ്യത്തിലുണ്ടായിരുന്നത്. സാമ്പത്തിക നിക്ഷേപങ്ങളുടെ ലാഭം ഉപഭോക്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കാൻ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന ഉപയോഗിച്ചതാണ് കടുത്ത വിമർശനത്തിന് ഇടയാക്കിയത്.

പൊതു ഇടങ്ങളിലും ദിവസേന ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന പൊതുഗതാഗത സംവിധാനങ്ങളിലും സ്ത്രീകളുടെ അന്തസ്സിനെ മാനിക്കുന്ന പരസ്യങ്ങൾ മാത്രമെ അനുവദിക്കൂ എന്ന് ഉറപ്പാക്കണമെന്ന് ഡി.എം.കെ എം.പി തമിഴാച്ചി തങ്കപാണ്ഡ്യൻ ആവശ്യപ്പെട്ടു. പരസ്യം ഉടൻ നീക്കം ചെയ്യണമെന്നും സമാനമായ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ കർശന പരിശോധന നടത്തണമെന്നും അവർ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

രാഷ്ട്രീയ ഭേദമന്യേ പരസ്യത്തിനെതിരെ കടുത്ത എതിർപ്പുകളാണ് ഉയർന്നിട്ടുള്ളത്. പരസ്യത്തിന് അനുമതി നൽകിയവർക്കും അതിന് പിന്നിൽ പ്രവർത്തിച്ചവർക്കും എതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് എ.ഐ.എഡി.എം.കെ വക്താവ് കോവൈ സത്യൻ ആവശ്യപ്പെട്ടു. വിഷയത്തിൽ മെട്രോ റെയിൽ അധികാരികളുടെ ഭാഗത്തുനിന്ന് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Chennai Metro Ad Sparks Outrage Over Sexist Remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.