ഇ​നി ഇ​ന്ത്യ​ൻ ചീറ്റ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നെ​ത്തി​ച്ച ചീ​റ്റ​പ്പു​ലി​ക​ളി​ലൊ​ന്നി​നെ മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ സ്ഥ​ല​ത്ത് തു​റ​ന്നു​വി​ട്ട​പ്പോ​ൾ

ചീറ്റകൾ വീണ്ടുമെത്തി; കുനോ ദേശീയോദ്യാനത്തിൽ നിരീക്ഷണത്തിൽ

ഭോപാൽ: ഇന്ത്യയിൽനിന്ന് നാമാവശേഷമായ ചീറ്റപ്പുലികളെ തിരികെയെത്തിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽനിന്ന് കൊണ്ടുവന്ന 12 ചീറ്റകളെ മധ്യപ്രദേശിലെ ഷിയോപുർ ജില്ലയിലുള്ള കുനോ ദേശീയോദ്യാനത്തിൽ സജ്ജീകരിച്ച നിരീക്ഷണപ്രദേശത്ത് തുറന്നുവിട്ടു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ, കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി ഭൂപേന്ദർ യാദവ് എന്നിവരാണ് മരപ്പെട്ടികളിൽനിന്ന് ചീറ്റകളെ തുറന്നുവിട്ടത്. ചീറ്റകളുമായി ദക്ഷിണാഫ്രിക്കയിലെ ഗൗടെങ്ങിൽ നിന്ന് പറന്ന ഇന്ത്യൻ വ്യോമസേന വിമാനം ശനിയാഴ്ച കാലത്ത് പത്തിന് ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങി. പിന്നീട് ഇവിടെനിന്ന് വ്യോമസേന കോപ്ടറിലാണ് ചീറ്റകളെ കുനോയിൽ എത്തിച്ചത്. ഇതിൽ ഏഴെണ്ണം ആണും അഞ്ചെണ്ണം പെണ്ണുമാണ്.

പദ്ധതിയുടെ പ്രഥമ ഘട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബർ 17ന് നമീബിയയിൽനിന്ന് എട്ടു ചീറ്റകളെ കുനോയിൽ എത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം എത്തിയ ചീറ്റകളിൽ, എട്ടെണ്ണത്തിനെ വെവ്വേറെ നിരീക്ഷണ ചത്വരങ്ങളിലും ശേഷിക്കുന്ന നാലെണ്ണത്തിനെ രണ്ടെണ്ണം വീതമുള്ള ജോടികളുമായാണ് പാർപ്പിച്ചിരിക്കുന്നത്. പുതിയ ചീറ്റകൾ എത്തിയതോടെ, കുനോവിൽ പത്തുവീതം പെൺചീറ്റകളും ആൺചീറ്റകളുമായി. ചുരുങ്ങിയത് ഒരു മാസമാണ് ചീറ്റകളെ നിരീക്ഷണത്തിൽ വെക്കുക.

ചീറ്റകളെ ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് സൗജന്യമായാണ് നൽകുന്നതെങ്കിലും ഓരോന്നിനെയും പിടിക്കാനായി 3,000 ഡോളർ (ഏകദേശം 2,48,000 രൂപ) വീതം നൽകണമെന്ന് വന്യമൃഗ വിദഗ്ധനെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ജൂലൈ 15 മുതൽ ഈ ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനായി മാറ്റിപ്പാർപ്പിച്ചതാണ്. എന്നാൽ, ധാരണപത്രം ഒപ്പുവെക്കുന്നതിലെ തടസ്സങ്ങൾ കാലതാമസത്തിന് കാരണമായി. 2009ൽ യു.പി.എ മന്ത്രിസഭയുടെ ഭരണകാലത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയ്റാം രമേശാണ് ‘ചീറ്റ പദ്ധതി’ക്ക് തുടക്കമിട്ടത്.

1952ലാണ് രാജ്യത്തുനിന്ന് ചീറ്റകൾ വംശമറ്റതായി പ്രഖ്യാപനമുണ്ടായത്. ഇന്ത്യയിലെ അവസാനത്തെ ചീറ്റ 1947ൽ ഇന്നത്തെ ഛത്തിസ്ഗഢിലുള്ള കൊറിയ ജില്ലയിൽവെച്ചാണ് ചാകുന്നത്.

Tags:    
News Summary - Cheetahs are back; On the lookout at Kuno National Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.