ന്യൂഡൽഹി: യുക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യൻ സേനയുടെ ഭാഗമായ 10 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. റഷ്യയിൽ തൊഴിൽ തേടിപ്പോയ ഇന്ത്യക്കാരെ സൈന്യത്തിന്റെ ഭാഗമായി യുദ്ധം ചെയ്യാൻ നിർബന്ധിക്കുകയായിരുന്നുവെന്നും അവരെ തിരികെ എത്തിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബങ്ങൾ നൽകിയ ഹരജിയിലാണ് ഇതുവരെ കൊല്ലപ്പെട്ടവരുടെ കണക്ക് കേന്ദ്ര സർക്കാർ അറിയിച്ചത്.
മരിച്ച 10പേരടക്കം ഭൂരിഭാഗം പേരും സ്വന്തം ഇഷ്ടപ്രകാരം കരാറുകളിൽ ഏർപ്പെട്ടാണ് റഷ്യൻ സൈന്യത്തിന്റെ ഭാഗമായതെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി കോടതിയിൽ വ്യക്തമാക്കി. ഏജന്റുമാർ വഴി വഞ്ചിതരായി യുദ്ധഭൂമിയിൽ എത്തിയവരുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേന്ദ്രം അറിയിച്ചു.
കുടുംബങ്ങളുമായി സർക്കാർ ബന്ധപ്പെടുന്നില്ലെന്നും ഡി.എൻ.എ സാമ്പിളുകൾ പോലും ശേഖരിക്കുന്നില്ലെന്നും ഹരജിക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ, തങ്ങൾ കുടുംബങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും മൃതദേഹങ്ങൾ തിരികെ എത്തിക്കാൻ ശ്രമിക്കുമ്പോൾ ചില കുടുംബങ്ങൾ സഹകരിക്കുന്നില്ലെന്നുമാണ് കേന്ദ്ര വാദം. റഷ്യയിലുള്ള 215 ഇന്ത്യക്കാരിൽ 26 പേരുടെ കുടുംബങ്ങളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പാസ്‌പോർട്ടുകൾ പിടിച്ചുവെച്ച് യുദ്ധത്തിന് നിർബന്ധിക്കുകയായിരുന്നുവെന്ന ഹരജിക്കാരുടെ വാദം പരിഗണിച്ച്, വിഷയത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് കോടതി നിർദേശിച്ചു. സംയമനത്തോടെയും നയതന്ത്രപരമായും കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും കോടതി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.