ന്യൂഡൽഹി: റോയിട്ടേഴ്സ് വാർത്ത ഏജൻസിയുടെ എക്സ് അക്കൗണ്ട് ബ്ലോക്കായതിൽ തങ്ങൾക്ക് പങ്കില്ലെന്ന് വിശദീകരിച്ച് കേന്ദ്ര സർക്കാർ. സർക്കാറാണ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന വാർത്തകൾ കേന്ദ്രം നിഷേധിക്കുകയും ചെയ്തു.
ശനിയാഴ്ച അർധ രാത്രിയോടെയാണ് റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും നൽകിയിരുന്നില്ല. നിയമപരമായ കാരണത്താൽ റോയിട്ടേഴ്സിന്‍റെ എക്സ് അക്കൗണ്ടിന്റെ പ്രവർത്തനം ഇന്ത്യയിൽ നിർത്തിവെക്കുന്നു എന്നായിരുന്നു സെർച്ച് ചെയ്യുമ്പോൾ ലഭിക്കുന്നത്. ഇതോടെ കേന്ദ്ര സർക്കാറിനെതിരെ വിമർശം ഉയരുകയും ചെയ്തു. തുടർന്നാണ് ഇപ്പോൾ കേന്ദ്രം വിശദീകരണം നൽകിയിരിക്കുന്നത്.
ഇന്ത്യൻ സർക്കാറിന്‍റെ ഭാഗത്തുനിന്ന് റോയിട്ടേഴ്സിന്‍റെ എക്സ് അക്കൗണ്ട് പിൻവലിക്കാനുള്ള ആവശ്യം ഉന്നയിച്ചിട്ടില്ല. പ്രശ്‌നം പരിഹരിക്കാൻ എക്‌സുമായി ബന്ധപ്പെട്ടുവെന്നും സർക്കാർ വക്താവ് ഇന്ന് രാവിലെ വ്യക്തമാക്കി.
റോയിട്ടേഴ്സ് ടെക് ന്യൂസ്, റോയിട്ടേഴ്സ് ഫാക്ട് ചെക്ക്, റോയിട്ടേഴ്സ് പിക്ചേഴ്സ്, റോയിട്ടേഴ്സ് ഏഷ്യ, റോയിട്ടേഴ്സ് ചൈന തുടങ്ങിയ മറ്റ് റോയിട്ടേഴ്സ് എക്സ് അക്കൗണ്ടുകളുടെ പ്രവർത്തനം സാധാരണപോലെ രാജ്യത്ത് നടക്കുന്നുണ്ട്. 200 ലേറെ സ്ഥലങ്ങളിലായി 2,600 മാധ്യമ പ്രവർത്തകരാണ് റോയിട്ടേഴ്സിനായി ജോലി ചെയ്യുന്നത്.
'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് നൂറുകണക്കിന് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.