ന്യൂഡൽഹി: അത്യന്തം അപകടകരമെന്ന പ്രതിപക്ഷ വിമർശനത്തിനിടയിൽ, വിദേശ സംഭാവനകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന സ്വത്തുക്കളിൽ സർക്കാറിന് കൂടുതൽ നിയന്ത്രണാധികാരം നൽകുന്ന വിദേശ സംഭാവന നിയന്ത്രണ നിയമ(എഫ്.സി.ആർ.എ) ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്.സി.ആർ.എ (വിദേശ സംഭാവന നിയന്ത്രണ നിയമം) ലൈസൻസ് പുതുക്കി ലഭിക്കാതിരിക്കുകയോ റദ്ദായ ലൈസൻസ് പുനഃസ്ഥാപിക്കപ്പെടാതിരിക്കുകയോ ചെയ്താൽ സംഭാവന ഉപയോഗിച്ചുണ്ടാക്കിയ ആസ്തികൾ കേന്ദ്രസർക്കാറിന് ഏറ്റെടുക്കാൻ വ്യവസ്ഥയുള്ള ബിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനിടയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അവതരിപ്പിച്ചത്.
സ്ഥിരമായി ഏറ്റെടുക്കുന്ന ആസ്തികൾ കേന്ദ്ര സർക്കാറിന് വിൽക്കുകയോ സർക്കാർ വകുപ്പുകൾക്ക് കൈമാറുകയോ ചെയ്യാം. വിറ്റുകിട്ടുന്ന പണം സർക്കാറിന്റെ സഞ്ചിത നിധിയിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ആസ്തിയുടെ യഥാർഥ ഉടമസ്ഥരേഖയില്ലാതെ പോലും സർക്കാറിന് ഇത് കൈമാറ്റം ചെയ്യാൻ അധികാരമുണ്ടാകും. നിലവിലെ നിയമത്തിൽ താൽക്കാലികമായി ഏറ്റെടുക്കാനും പ്രവർത്തിപ്പിക്കാനും മാത്രമാണ് അധികാരമുള്ളത്. കാലാവധി കഴിയുകയോ പുതുക്കാൻ വിസമ്മതിക്കുകയോ ചെയ്താൽ രജിസ്ട്രേഷൻ അവസാനിച്ചതായി കണക്കാക്കാൻ വ്യവസ്ഥ ചെയ്യുന്ന 14 ബി എന്ന പുതിയ വകുപ്പ് നിയമത്തിലുണ്ട്. വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്നതിനും സമയപരിധിയും നിശ്ചയിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. നിലവിൽ 16,000 സംഘടനകൾക്കാണ് രാജ്യത്ത് എഫ്.സി.ആർ.എ ലൈസൻസ് ഉള്ളതെന്നും 22,000 കോടിയാണ് ഇവർ വർഷം തോറും സംഭാവന സ്വീകരിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.
മതിയായ ഭരണഘടനാ സംരക്ഷണമില്ലാതെ അനിയന്ത്രിതവും അനുപാതരഹിതവുമായ അധികാരം വിദേശ സംഭാവനകൾക്കുമേൽ സർക്കാറിന് നൽകുന്നതാണ് ബിൽ എന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാറിന് അമിതാധികാരം നൽകുന്നതാണ് ബിൽ എന്ന് തൃണമൂൽ കോൺഗ്രസ് എം.പി പ്രതിമ മൊണ്ഡലും വിമർശിച്ചു. പൗരസമൂഹങ്ങളെ ഭീതിയിലാഴ്ത്തി ജനാധിപത്യത്തിന്റെ ഇടങ്ങൾ വീണ്ടും ഇല്ലാതാക്കുന്നതിനുള്ളതാണ് ബിൽ എന്ന് കോൺഗ്രസിലെ ജി.കെ. പാഡ്വി എം.പിയും കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.