പ്രതീകാത്മക ചിത്രം

E20-ക്ക് പിന്നാലെ സി.എൻ.ജിയിൽ ബയോഗ്യാസ് മിശ്രിതം; 23,731 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: എഥനോൾ മിശ്രണ പദ്ധതിയായ E20-ക്ക് പിന്നാലെ, രാജ്യത്ത് ബയോ-സി.എൻ.ജി മിശ്രണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് കേന്ദ്ര സർക്കാർ. ഇതിനായി 23,731 കോടി രൂപ ചെലവ് വരുന്ന 'ഗോബർധൻ' (GOBARdhan - Galvanizing Organic Bio-Agro Resources Dhan) നാഷണൽ സർക്കുലർ ബയോ എനർജി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2026-27 സാമ്പത്തിക വർഷം മുതൽ 2035-36 വരെയുള്ള പത്തുവർഷ കാലയളവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിലെ ഗതാഗത സംവിധാനത്തിനും ഊർജ്ജ സുരക്ഷക്കും പദ്ധതി വലിയ മുതൽക്കൂട്ടാകുമെന്നാണ് സർക്കാർ വാദം. സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ കമ്പനികൾ ബയോ-സി.എൻ.ജി നിർബന്ധമായും വാങ്ങിയിരിക്കണമെന്ന വ്യവസ്ഥ പുതിയ പദ്ധതിയിലുണ്ട്.

രാജ്യത്ത് സി.എൻ.ജി വാഹന വിപണി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഈ പ്രഖ്യാപനം ഏറെ നിർണ്ണായകമാണ്. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ്, ടൊയോട്ട തുടങ്ങി നിരവധി മുൻനിര നിർമാതാക്കൾ ഇതിനോടകം തന്നെ സി.എൻ.ജി വാഹനങ്ങളുടെ നിര വിപുലീകരിച്ചിട്ടുണ്ട്. എഥനോൾ മിശ്രണമുള്ള പെട്രോളിന് (E20) എൻജിൻ മാറ്റങ്ങൾ ആവശ്യമാണെങ്കിൽ, ബയോ-സി.എൻ.ജി തികച്ചും പ്രകൃതിവാതകവുമായി രാസപരമായി സാദൃശ്യമുള്ളതാണ്. അതിനാൽ നിലവിലുള്ള സി.എൻ.ജി വാഹനങ്ങളിൽ യാതൊരുവിധ ഹാർഡ്‌വെയർ മാറ്റങ്ങളും വരുത്താതെ തന്നെ ഈ മിശ്രിത വാതകം ഉപയോഗിക്കാൻ സാധിക്കും.

ഇന്ത്യ തങ്ങളുടെ പ്രകൃതിവാതക ആവശ്യത്തിന്റെ പകുതിയോളവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. ഹുർമുസ് കടലിടുക്കിലെ തടസങ്ങൾ അടക്കമുള്ള ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ തദ്ദേശീയമായി ബയോ-സി.എൻ.ജി ഉൽപ്പാദനം വർധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് വഴി കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം ലാഭിക്കാൻ സാധിക്കും.

നേരത്തെ 'സറ്റാറ്റ്' (SATAT - Sustainable Alternative Towards Affordable Transportation) പോലുള്ള പദ്ധതികളിലൂടെ ഇരുനൂറിലധികം സി.ബി.ജി പ്ലാന്റുകൾ ആരംഭിച്ചിരുന്നുവെങ്കിലും ആവശ്യക്കാരുടെ കുറവ്, ധനസഹായ തടസങ്ങൾ, പൈപ്‌ലൈൻ കണക്റ്റിവിറ്റിയുടെ അഭാവം എന്നിവ കാരണം ലക്ഷ്യങ്ങൾ പൂർണമായി കൈവരിക്കാൻ സാധിച്ചിരുന്നില്ല. ഇവ ഉൾക്കൊണ്ടാണ് 'ഗോബർധൻ' പദ്ധതിയെ ഒറ്റപ്പെട്ട ഘടകങ്ങൾക്ക് പകരം ഒരു സമഗ്ര ദേശീയ ചട്ടക്കൂടിനുള്ളിൽ കൊണ്ടുവന്നിരിക്കുന്നത്.

ചാണകം, വൈക്കോൽ, കാർഷിക അവശിഷ്ടങ്ങൾ, ജൈവമാലിന്യങ്ങൾ എന്നിവയെ ഊർജ്ജമാക്കി മാറ്റുന്നതിലൂടെ ഗ്രാമീണ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും കർഷകർക്ക് രണ്ടാമതൊരു വരുമാന സ്രോതസ്സ് ലഭിക്കുകയും ചെയ്യും. വൈക്കോൽ കത്തിക്കുന്നത് മൂലം അന്തരീക്ഷം മലിനമാകുന്ന പ്രശ്നത്തിനും ഇതിലൂടെ വലിയ തോതിൽ പരിഹാരമാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞാൽ, പെട്രോളിൽ എഥനോൾ മിശ്രണം (E20) വരുത്തിയ മാറ്റത്തിന് സമാനമായ ഒരു പദ്ധതി ഇന്ത്യയുടെ ഗ്യാസ് വിപണിയിലും ഊർജ്ജ മേഖലയിലും സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - E20ക്ക് പിന്നാലെ സി.എൻ.ജിയിൽ ബയോഗ്യാസ് മിശ്രിതം; 23,731 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.