തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

കേന്ദ്രസർക്കാറിന്റേത് കപട വനിതാസ്നേഹം; ലോക്സഭയിലെ പരാജയം അവരുടെ ഗൂഢലക്ഷ്യങ്ങൾക്കുള്ള തിരിച്ചടിയെന്ന് തെലങ്കാന മുഖ്യമന്ത്രി

ന്യൂഡൽഹി: ലോക്സഭയിൽ ഭരണഘടന ഭേദഗതി ബിൽ പരാജയപ്പെട്ടത് ബി.ജെ.പിയുടെ രാഷ്ട്രീയ പരാജയമല്ലെന്നും മറിച്ച് അവരുടെ ഗൂഢലക്ഷ്യങ്ങൾക്കുള്ള തിരിച്ചടിയാണെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. വനിത സംവരണത്തിന്റെ മറവിൽ ഭരണഘടന അട്ടിമറിക്കാനും ദളിത്-പിന്നാക്ക സംവരണം ഇല്ലാതാക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ശനിയാഴ്ച ഡൽഹിയിൽ വാർത്ത സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിതാ സംവരണത്തെ ബി.ജെ.പി ഒരു മറയാക്കി സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും മണ്ഡല പുനർനിർണയത്തിനുമായി വനിത സംവരണത്തെ ബന്ധിപ്പിച്ചതിൽ തന്നെ ദുരൂഹതയുണ്ട്. വനിതകളോട് ആത്മാർഥതയുണ്ടായിരുന്നെങ്കിൽ ലളിതമായ ഒരു ഭേദഗതിയിലൂടെ ഇത് നടപ്പാക്കാമായിരുന്നു. ബി.ആർ അംബേദ്കർ ഉറപ്പുനൽകിയ സംവരണങ്ങൾ അട്ടിമറിക്കാൻ 400 സീറ്റുകൾ ചോദിച്ച മോദിക്ക് ജനങ്ങൾ നൽകിയത് 240 സീറ്റുകൾ മാത്രമാണ്. ഇന്നലെ സഭയിൽ നടന്നത് മോദിയുടെ അഹങ്കാരത്തിനുള്ള രേവന്ത് റെഡ്ഡി പരിഹസിച്ചു.

മണ്ഡലപുനർനിർണയത്തിലൂടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കാനായിരുന്നു കേന്ദ്രത്തിന്റെ നീക്കം. കേരളത്തിലെയും ഉത്തർപ്രദേശിലെയും സീറ്റുകളുടെ എണ്ണത്തിലെ അന്തരം ചൂണ്ടിക്കാട്ടുകയും ചെയ്തു രേവന്ത് റെഡ്ഡി.

"കേരളത്തിന് നിലവിൽ 20 സീറ്റും യു.പിക്ക് 80 സീറ്റുമാണുള്ളത്. 50 ശതമാനം വർധനവുണ്ടായാൽ കേരളത്തിന് 30ഉം യു.പിക്ക് 120ഉം സീറ്റാകും. ശതമാനക്കണക്കിൽ തുല്യമാണെന്ന് തോന്നാമെങ്കിലും സീറ്റുകൾ തമ്മിലുള്ള അന്തരം 60ൽ നിന്ന് 90 ആയി വർധിക്കുന്നു. ഇത് ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണ്." - അദ്ദേഹം പറഞ്ഞു.

വനിത സംവരണത്തിൽ കേന്ദ്രത്തിന് ആത്മാർഥതയുണ്ടെങ്കിൽ മണ്ഡലപുനർനിർണയവുമായി ബന്ധിപ്പിക്കാത്ത പുതിയ ബിൽ തിങ്കളാഴ്ച തന്നെ അവതരിപ്പിക്കണമെന്ന് രേവന്ത് റെഡ്ഡി വെല്ലുവിളിച്ചു. ആഗസ്റ്റ് 15ന് മുമ്പുതന്നെ ഇത് നടപ്പാക്കാൻ സാധിക്കും. 2009ലെ പുനർനിർണയത്തിന്റെ അടിസ്ഥാനത്തിൽ തന്നെ 181 സംവരണ സീറ്റുകൾ കണ്ടെത്താൻ പ്രായോഗികമായി തടസ്സമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ കോൺഗ്രസിനെ കുറ്റപ്പെടുത്താൻ ബി.ജെ.പിക്ക് അവകാശമില്ല. സ്വാതന്ത്ര്യലബ്ധി മുതൽ സ്ത്രീകൾക്ക് വോട്ടവകാശവും ഉന്നത ഭരണഘടന പദവികളും നൽകിയത് കോൺഗ്രസാണ്. എന്നാൽ, 1980ൽ രൂപവത്കരിച്ച ബി.ജെ.പിയിൽ ഇന്നുവരെ ഒരു സ്ത്രീ പോലും ദേശീയ അധ്യക്ഷയായിട്ടില്ലെന്നും രേവന്ത് റെഡ്ഡി പരിഹസിച്ചു. രാജ്യത്തെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളെ 'ഇന്ത്യ' സഖ്യം ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Central government's hypocritical love for women; Telangana CM says defeat in Lok Sabha is a setback to their ulterior motives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.