ന്യൂഡൽഹി: അഹ്മദാബാദ് ആകാശ ദുരന്തത്തില്‍ അപകടത്തില്‍പ്പെട്ട എയർ ഇന്ത്യ 171 ബോയിങ് 787- 8 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് നിർണായക വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്രസർക്കാർ.
ഈ വിവരങ്ങൾ ഡൽഹിയിലെ ലാബിൽ പരിശോധിച്ച് വരികയാണെന്നും സർക്കാർ അറിയിച്ചു. ബ്ലാക്ക് ബോക്സിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും നാഷനൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡും ചേർന്നാണ് വിവരങ്ങൾ ബ്ലാക്ക് ബോക്സിൽ നിന്ന് വീണ്ടെടുത്തത്.
ബ്ലാക്ക് ബോക്സിലെ മെമ്മറി മോഡ്യൂളിലെ വിവരങ്ങൾ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ലാബിൽ ഡൗൺലോഡ് ചെയ്തു. കോക്ക് പിറ്റ് വോയിസ് റെക്കോർഡറിലെയും ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറിലെയും വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. വിമാനത്തിലുണ്ടായിരുന്നു രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെടുത്തിട്ടുണ്ട്. വിമാനം പതിച്ച കെട്ടിടത്തിന്റെ മുകളിൽ നിന്ന് ജൂൺ 13നാണ് ആദ്യത്തെ ഭാഗം കണ്ടെടുത്തത്. രണ്ടാമത്തെ ഭാഗം ജൂൺ 16ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു. ജൂൺ 24ന് ബ്ലാക്ക് ബോക്സുകൾ അഹമ്മദാബാദിൽ നിന്നും ദില്ലിയിൽ എത്തിച്ചാണ് പരിശോധിച്ചത്.
സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് ലണ്ടനിലെ ഗാട്വിക് വിമാനത്താവളം ലക്ഷ്യമാക്കി ജൂൺ 12 വ്യാഴാഴ്ച ഉച്ചക്ക് 1.38ന് പറന്നുയർന്ന് മിനിറ്റുകൾക്കകമാണ് എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം സമീപത്തെ വിദ്യാർഥി ഹോസ്റ്റലിനുമേൽ തകർന്നുവീണത്. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർചുഗീസുകാരും ഒരു കനേഡിയൻ പൗരനുമാണ് ഉൾപ്പെട്ടിരുന്നത്. യു.കെയിൽ നഴ്സായിരുന്ന തിരുവല്ല പുല്ലാട് കുറുങ്ങുഴ രഞ്ജിത ജി. നായരും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.