ഡിജിറ്റല്‍ പേമെന്‍റ് പ്രോത്സാഹിപ്പിക്കാന്‍ 11 ഇന ഇളവുമായി സര്‍ക്കാര്‍

ന്യൂഡല്‍ഹി: 1000 രൂപ, 500 രൂപ നോട്ടുകള്‍ അസാധുവാക്കി ഒരു മാസം പിന്നിട്ടപ്പോള്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഇളവുകളുടെ പാക്കേജുമായി സര്‍ക്കാര്‍. പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 0.75 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. റെയില്‍വേ ടിക്കറ്റ് ഓണ്‍ ലൈനില്‍ എടുത്താല്‍ 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ലഭിക്കും. 2,000 രൂപ വരെയുള്ള ഡിജിറ്റല്‍ പേമെന്‍റുകള്‍ക്ക് സേവന നികുതി ഈടാക്കില്ല. നോട്ട് അസാധുവാക്കിയതു വഴിയുള്ള ജനക്ളേശവും മാന്ദ്യവും ഒരുമാസമായിട്ടും മാറ്റമില്ലാതെ തുടരുന്നതിന്‍െറ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ഇളവു പ്രഖ്യാപനം. കാര്യമായ നേട്ടമൊന്നും ഇല്ലാത്ത മേമ്പൊടി ഇളവുകള്‍ മാത്രമാണിത്. കറന്‍സിക്ഷാമം പരിഹരിക്കുന്നതില്‍ വഴിമുട്ടിയ സര്‍ക്കാര്‍, ഡിജിറ്റല്‍ പേമെന്‍റ് രീതി പ്രോത്സാഹിപ്പിക്കാന്‍ മുന്നോട്ടുവെച്ച 11 ഇന പാക്കേജ് ഇതാണ്: പെട്രോള്‍ പമ്പുകളില്‍നിന്ന് 1000 രൂപക്ക് പെട്രോളോ ഡീസലോ അടിച്ച് കാര്‍ഡ് കൊടുത്താല്‍ ഏഴര രൂപ എന്ന തോതില്‍ ഡിസ്കൗണ്ട് ലഭിക്കും. കറന്‍സി നോട്ട് നല്‍കുന്നവര്‍ക്ക് ഈ ഇളവ് കിട്ടില്ല. 2,000 രൂപവരെയുള്ള പണമിടപാട് ഓണ്‍ലൈന്‍ വഴിയോ കാര്‍ഡ്, വാലറ്റ് രൂപത്തിലോ നടത്തിയാല്‍ സേവന നികുതി വേണ്ട. 15 ശതമാനം വരെയാണ് ഇതുവരെ ഈടാക്കി വന്ന സേവന നികുതി. നിശ്ചിത തുകക്കു മുകളിലാണെങ്കില്‍ മുഴുവന്‍ ബില്ലിനും സേവന നികുതി ബാധകം. 

റെയില്‍വേ ടിക്കറ്റുകളില്‍ 58 ശതമാനവും ഇപ്പോള്‍ ഓണ്‍ലൈന്‍ ബുക്കിങ്ങാണ്. മേലില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ റെയില്‍വേ വാഗ്ദാനം ചെയ്യുന്നു. റെയില്‍വേയുടെ കാറ്ററിങ്, വിശ്രമമുറി, താമസ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ പണമിടപാടു നടത്തിയാല്‍ അഞ്ചു ശതമാനം ഡിസ്കൗണ്ട്. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ പുതിയ പോളിസി നേരിട്ട് ഓണ്‍ലൈനില്‍ വാങ്ങുന്നവര്‍ക്കും അതിന്‍െറ പ്രീമിയം അടക്കുന്നവര്‍ക്കും ഡിജിറ്റല്‍ പണമിടപാടിന് ഡിസ്കൗണ്ട് ലഭിക്കും. ജനറല്‍ ഇന്‍ഷുറന്‍സിന് 10ഉം ലൈഫ് ഇന്‍ഷുറന്‍സിന് എട്ടും ശതമാനമാണ് ഡിസ്കൗണ്ട്. നിലവിലെ പോളിസികള്‍ക്ക് ഇതു ബാധകമല്ല. ദേശീയപാതകളിലെ ടോള്‍ പ്ളാസകളില്‍ റേഡിയോ ഫ്രീക്വന്‍സി കാര്‍ഡുള്ള ഉപയോക്താക്കള്‍ ഡിജിറ്റല്‍ പേമെന്‍റ് നടത്തിയാല്‍ മാര്‍ച്ച് 31 വരെ 10 ശതമാനം ഡിസ്കൗണ്ട്. 10,000ല്‍ താഴെ ജനസംഖ്യയുള്ള ലക്ഷം ഗ്രാമങ്ങളിലേക്ക് കാര്‍ഡ് സൈ്വപ് ചെയ്ത് പണമിടപാടു നടത്താന്‍ കഴിയുംവിധം രണ്ട് പോയന്‍റ് ഓഫ് സെയില്‍ മെഷീന്‍ നല്‍കും. കാര്‍ഷിക വായ്പസംഘങ്ങളിലോ പാല്‍സംഘങ്ങളിലോ ആണ് ഇത് സ്ഥാപിക്കുക. 

കര്‍ഷകര്‍ക്ക് ഗ്രാമീണ മേഖല ബാങ്കുകള്‍ വഴിയും സഹകരണ ബാങ്കുകള്‍ വഴിയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് റുപെ ക്രെഡിറ്റ് കാര്‍ഡ് നല്‍കും. ഒപ്പം മൈക്രോ എ.ടി.എമ്മുകള്‍ സജ്ജീകരിക്കും. സബര്‍ബന്‍ ട്രെയിന്‍ ശൃംഖലയുള്ള സ്ഥലങ്ങളില്‍ പ്രതിമാസ ടിക്കറ്റ് ഡിജിറ്റല്‍ പേമെന്‍റ് നടത്തി വാങ്ങുന്നവര്‍ക്ക് അര ശതമാനം ഡിസ്കൗണ്ട് ജനുവരി ഒന്നു മുതല്‍. കേന്ദ്രസര്‍ക്കാറിന്‍െറയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഇടപാടുകള്‍ ഡിജിറ്റല്‍ മാര്‍ഗത്തില്‍ നടത്തുന്നവരില്‍നിന്ന് പ്രത്യേക ഇടപാടു ഫീസ് ഈടാക്കില്ല. പൊതുമേഖലാ ബാങ്കുകളുടെ സൈ്വപ് മെഷീന്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രതിമാസ വാടക 100 രൂപയില്‍ കൂടുതല്‍ നല്‍കേണ്ടിവരില്ല. ഇത്തരം ഡിസ്കൗണ്ടുകളുടെ നഷ്ടം അതാതു സ്ഥാപനങ്ങള്‍ വഹിക്കുമെന്ന് ധനമന്ത്രി വിശദീകരിച്ചു. 

Tags:    
News Summary - central government give heavy discouts for digital payments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.