ന്യൂഡൽഹി: പ്രധാനപ്പെട്ട 71 ജീവൻരക്ഷാ മരുന്നുകളുടെ വില പിടിച്ചു നിർത്തി കേന്ദ്രസർക്കാർ. ഇതിൽ മെറ്റാസ്റ്റാറ്റിക് ബ്രെസ്റ്റ് കാൻസർ,അലർജി, ഡയബറ്റിക് മരുന്നുകളും ഉൾപ്പെടും. മെറ്റാസ്റ്റാറ്റിക് ബ്രെസ്റ്റ് കാൻസറിനുള്ള മരുന്നായ റിലയൻസ് ലൈഫ് സയൻസിന്റെ ട്രാസ്റ്റുസുമാബ് ആണ് ഇതിൽ പ്രധാനം. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ) ഒരു വയലിന് 11,966 രൂപയായാണ് ഇതിന്റെ വില നിശ്ചയിച്ചത്.
ഇന്ത്യയിൽ മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനും പുതുക്കി നിശ്ചയിക്കുന്നതിനുമുള്ള ഗവൺമെന്റ് റെഗുലേറ്ററി ഏജൻസിയാണ് എൻ.പി.പി.എ. പെപ്റ്റിക് അൾസറിനുള്ള കോംബിനേഷൻ മരുന്നുകളായ ക്ലാറിത്രോമൈസിൻ, ഇസോംപ്രസോൾ, അമോക്സിസിലിൻ എന്നിവക്ക് ഗുളിക ഒന്നിന് 162.5 രൂപയാണ് നിശ്ചയിച്ചത്.
ടൊറന്റ് ഫാർമസ്യൂട്ടിക്കൽസ് ആണ് നിർമാതാക്കൾ. ജീവഹാനിക്ക് കാരണമാകുന്ന ഇൻഫെക്ഷനുള്ള കോംബിനേഷൻ മരുന്നുകളായ സെഫ്ട്രിയാക്സോൺ, ഡൈസോഡിയം എഡറ്റേറ്റ്, സുൾബാക്ടം പൗഡർ എനിവയുടെ വില ഒരു വയലിന് 626 രൂപയായും നിശ്ചയിച്ചു. മറ്റൊരു പ്രധാനപ്പെട്ട കോംബിനേഷനായ സെഫ്ട്രിയാക്സൺ, ഡൈസോഡിയം എഡറ്റേറ്റ്, സുൾബാക്ടം പൗഡർ എന്നിവയുടെ വില 515.5 രൂപയായും പനിശ്ചയിച്ചു. ഇതും ഇൻഫെക്ഷനുള്ള മരുന്നുകളാണ്.
സിറ്റാഗ്ലിപ്റ്റിൻ അടങ്ങിയതും എംപാഗ്ലൈഫ്ലോസിൻ കോംബിനേഷനിലുളളതുമായ 25 ഡയബറ്റിക് മരുന്നുകളുടെയും വില പിടിച്ചുനിർത്തിയിട്ടുണ്ട്.
രാജ്യത്തെ മരുന്നു നിർമാണ കമ്പനികൾ അവരുടെ വിലനിലവാരവും വില നിശ്ചയിച്ചതിലെ മാനദണ്ഡവും ഡീലർമാർ, സംസ്ഥാന ഡ്രഗ് കൺട്രോളർ, ഗവൺമെന്റ് എന്നിവരെ രേഖാമൂലം അറിയിക്കണമെന്ന് ഫെബ്രുവരിയിൽ എൻ.പി.പി.എ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ലിസ്റ്റ് ജനങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. ഗവൺമെന്റ് നിശ്ചയിച്ച വിലയിൽതന്നെയാണോ ജനങ്ങൾക്ക് മരുന്നു കിട്ടുന്നത് എന്ന് അവർക്കു തന്നെ മനസിലാക്കാവുന്ന രീതിയിൽ സുതാര്യമായാണ് ഇതു നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാകുന്നു.
മരുന്നിന്റെ വിലയും സപ്ലിമെന്ററി വിലയും എല്ലാ റീട്ടയിൽ ഉൾപ്പെടെയുള്ള ഡീലർമാർ ജനങ്ങൾക്ക് കാണാവുന്ന വിധം പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശമുണ്ട്. ഓൺലൈൻ ഡീലർമാരും ഇതു പാലിക്കണമെന്ന് എൻ.പി.പി.എയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.