കോവിഡിന്‍റെ കാഠിന്യകാലത്ത്​ ഭരണകൂടം ഇലപൊഴിഞ്ഞ മരമായി -സമദാനി എം.പി

ന്യൂഡൽഹി: കോവിഡ് മഹാമാരി നിയന്ത്രിച്ച് രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസത്തിന്‍റെ തണലേകാൻ ബാദ്ധ്യസ്ഥമായിരുന്ന ഭരണ സംവിധാനം അതിന്‍റെ കാഠിന്യകാലത്ത് ഇല പൊഴിഞ്ഞ മരമായിപ്പോയെന്ന് ഡോ. എം.പി അബദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു. മരുന്നുൽപാദനത്തിലും ആരോഗ്യപ്രവർത്തകരുടെ കാര്യത്തിലും മഹാമാരിയെ നേരിടുന്നതിൽ ഒട്ടേറെ മുന്നോട്ട് പോകാനുള്ള വിഭവങ്ങളുള്ള ഇന്ത്യയിലെ ജനങ്ങൾ സർക്കാറിന്‍റെ പിടിപ്പുകേട് കൊണ്ട് വലിയ ദുരന്തങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ജനങ്ങളുടെ ആർജിത പ്രതിരോധവും വാക്സിനേഷനും കൊണ്ട് സ്ഥിതിഗതിയെ നിയന്ത്രണാധീനമാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ സ്ഥിതിവിശേഷത്തിന്‍റെ യഥാർത്ഥ വിവരങ്ങൾ ജനങ്ങളെ അറിയിച്ചു കൊണ്ട് സുതാര്യത ഉറപ്പാക്കാൻ പോലും സർക്കാറിന് കഴിഞ്ഞില്ലെന്നും ലോക്സഭയിൽ കോവിഡ് മഹാമാരിയെ സംബന്ധിച്ച ചർച്ചയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

പ്രത്യേകിച്ചൊരു മരുന്നും കണ്ടുപിടിച്ചു കഴിഞ്ഞിട്ടില്ലാത്ത മഹാമാരിയെ രോഗവ്യാപനം അടിച്ചമർത്തി കൊണ്ട് ഓരോ രാജ്യവും നേരിട്ടു കൊള്ളണമെന്നാണ് തുടക്കം മുതലേ ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുകയുണ്ടായത്. എന്നാൽ അവിടെത്തന്നെ സർക്കാറിന് പാളിച്ചപറ്റി. രോഗബാധിതരിൽ പലർക്കും കിടക്ക പോയിട്ട് പ്രാണവായുപോലും ലഭ്യമാക്കാൻ അധികൃതർക്ക് കഴിയാതെ പോയി. പല ലോകരാജ്യ ഭരണകൂടങ്ങളും എപ്പിഡമോളജിസ്റ്റുകളുടെ സഹായം തേടിയപ്പോൾ സർക്കാർ എല്ലാം ബ്യൂറോക്രസിയെ ഏൽപ്പിക്കുകയാണുണ്ടായത്. പരാജയപ്പെട്ട ഭരണ സംവിധാനം ഇലകൊഴിഞ്ഞ് പോയ മരത്തിന് സമാനമായി. 'ഇല പൊഴിഞ്ഞ മരത്തിന് എങ്ങനെയാണ് തണലേകാൻ കഴിയുക?' എന്ന്​ ഹിന്ദി കവിത ഉദ്ധരിച്ച്​ സമദാനി ചോദിച്ചു.

മഹാമാരിയുടെ അനന്തര ഫലങ്ങൾ നേരിടാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം. സാമ്പത്തികവും മനഃശ്ശാസ്ത്രപരവുമായ നിരവധി പ്രശ്നങ്ങളാണ് മഹാമാരിയെ തുടർന്ന് ഉണ്ടായിട്ടുള്ളത്. കച്ചവടക്കാർ, കൃഷിക്കാർ, ചെറുകിട വ്യവസായികൾ എന്നിവർക്ക് ദുരിതാശ്വാസമായി സഹായനടപടികൾ പ്രഖ്യാപിക്കണം. കാർഷിക, വാണിജ്യ, വ്യാവസായിക മേഖലകളിലുണ്ടായിട്ടുള്ള വൻ തകർച്ചക്ക് പരിഹാരം കാണണം. ഇന്ധന വിലവർധനയടക്കം കോവിഡ് കാലത്തും ജനങ്ങളെ ചൂഷണം ചെയ്യുന്ന നടപടികളാണ് സർക്കാറിന്‍റെ ഭാഗത്തു നിന്നുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.

കോവിഡ് മഹാമാരിയെ തുടർന്ന് വിവിധ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്ന പ്രവാസി സമൂഹത്തിന്‍റെ അവശതകൾക്ക് പരിഹാരം കാണാൻ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും സമദാനി ആവശ്യപ്പെട്ടു. വിമാനത്താവളങ്ങളിലെ റാപിഡ്​ പി.സി.ആർ ടെസ്റ്റിന് ഈടാക്കുന്ന വൻ സഖ്യ വലിയ ഭാരമാണ് പ്രവാസികൾക്ക് വരുത്തിവെച്ചിരിക്കുന്നത്. വൻ ചൂഷണമാണ് ഇതിന്‍റെ പേരിൽ നടക്കുന്നത്. ടെസ്റ്റ് നിബന്ധനയാക്കി നിർദ്ദേശിച്ചിട്ടുള്ള ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് മാറിയ സാഹചര്യത്തിൽ അതു പിൻവലിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം.

കോവിഡ് ബാധിച്ചു മരണപ്പെട്ട മാതാപിതാക്കളുടെ കുട്ടികൾക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നഷ്​ടപരിഹാരം അനാവശ്യവും അപ്രായോഗികവുമായ വ്യവസ്ഥകൾ കാരണം അർഹിക്കുന്നവർക്ക് സമയത്തിന് ലഭ്യമാകാതെ പോകുന്ന അവസ്ഥയാണു ള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്താകെ എണ്ണായിരത്തിലേറെ അത്തരം അനാഥ കുട്ടികളുണ്ട്. അതിൽ രണ്ടായിരത്തിൽപരം കേരളത്തിലാണ്. നഷ്​ടപരിഹാരം അവർക്ക് ഉപയോഗശൂന്യമായിപ്പോകുന്ന അവസ്ഥ ഒഴിവാക്കാൻ അതിലെ അനാവശ്യ വ്യവസ്ഥകൾ പിൻവലിച്ച് അനാഥ കുട്ടികൾക്ക് അതു യഥാസമയം ലഭ്യമാക്കാർ നടപടി എടുക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.

Tags:    
News Summary - Central goverment became leafless tree in covid crisis: Samadani MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.