ഒമ്പതാം ക്ലാസിലെ സയൻസ്, സോഷ്യൽ സയൻസ് പരീക്ഷകളിൽ മാറ്റവുമായി സി.ബി.എസ്.ഇ

ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി 2020) ഭാഗമായി അടുത്ത അധ്യയന വർഷം മുതൽ ഒമ്പതാം ക്ലാസിലെ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിലെ പരീക്ഷകൾ സ്റ്റാൻഡേർഡ്, അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിൽ നടത്താനൊരുങ്ങി സി.ബി.എസ്.ഇ.

പത്താം ക്ലാസിൽ 2028 അധ്യയന വർഷം മുതലും ഈ മാറ്റം കൊണ്ടുവരും. സി.ബി.എസ്.ഇ കരിക്കുലം കമ്മിറ്റി മുന്നോട്ടുവെച്ച നിർദേശത്തിന് ബോർഡ് ഉന്നതാധികാര സമിതി അംഗീകാരം നൽകി.

2019-20 അധ്യയന വർഷം മുതൽ മാത്‌സ് വിഷയത്തിൽ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുന്ന ബേസിക്, കൂടുതൽ വിവരങ്ങൾ ഉൾപ്പെടുന്ന സ്റ്റാൻഡേഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. സിലബസ് ഒന്നാണെങ്കിലും ചോദ്യങ്ങളിൽ വ്യത്യാസമുണ്ടാകും. ഇതേ മാതൃകയിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിലെ പരീക്ഷകൾ സ്റ്റാൻഡേർഡ്, അഡ്വാൻസ്ഡ് എന്നിങ്ങനെ നടത്താനാണ് നിർദേശം. ഏത് വേണമെന്ന് ഒമ്പതാം ക്ലാസിൽ എത്തുമ്പോൾ വിദ്യാർഥികൾക്ക് തീരുമാനിക്കാം.

അഡ്വാൻസ്ഡ് വിദ്യാർഥികൾക്കുള്ള അധിക ചോദ്യങ്ങൾ ഉൾപ്പെടുന്ന ഒറ്റചോദ്യപേപ്പറോ രണ്ട് വിഭാഗക്കാർക്കും പ്രത്യേകം ചോദ്യപേപ്പർ ഉപയോഗിച്ചോ പരീക്ഷ നടത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളിൽ പിന്നീട് തീരുമാനമെടുക്കും. ഇത്തരത്തിൽ ഓപ്ഷൻ ലഭിക്കുന്നത് ജെ.ഇ.ഇ പോലുള്ള പ്രവേശന പരീക്ഷകൾ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഗുണം ചെയ്യുമെന്നാണ് സി.ബി.എസ്.ഇ വിലയിരുത്തൽ.

   

Tags:    
News Summary - CBSE to roll out two-tier science and social science for Class 9 in 2026, Board exam in 2028

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.