ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയ ചുമതലയിൽ വിവാദ ഏജൻസിയായ 'കോഎംപ്റ്റ്' തന്നെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. മൂല്യനിർണയ പ്രക്രിയകൾ സുഗമമാക്കുന്നതിനായി ഓൺലൈൻ സ്ക്രീൻ മാർക്കിംഗ് പ്ലാറ്റ്‌ഫോം തന്നെയാണ് ഇത്തവണയും ഉപയോഗിക്കുക. അതേസമയം, കോഎംപ്റ്റ് സെർവറുകളിൽ സൂക്ഷിച്ചിരുന്ന വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് വിവരങ്ങളും മറ്റ് പ്രധാന രേഖകളും സി.ബി.എസ്.ഇയുടെ സ്വന്തം സെർവറുകളിലേക്ക് സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പരീക്ഷാ നടപടികളുടെ സുതാര്യത ഉറപ്പാക്കാനാണ് നീക്കമെന്നാണ് സൂചന.
അതിനിടെ, സി.ബി.എസ്.ഇയുടെ പുനർമൂല്യനിർണയ പോർട്ടലിന് നേരെ ഉണ്ടായ ആസൂത്രിത സൈബർ ആക്രമണത്തിൽ ഡൽഹി പൊലീസിന്റെ പ്രത്യേക വിഭാഗം അന്വേഷണം ആരംഭിച്ചു. പൊലീസിന്റെ സൈബർ വിങ് ആയ 'ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ്' (IFSO) വിഭാഗത്തിലാണ് സി.ബി.എസ്.ഇ ഔദ്യോഗികമായി പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പോർട്ടലിലേക്ക് തുടർച്ചയായ സൈബർ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള വിവിധ ഐ.പി വിലാസങ്ങൾ ഉപയോഗിച്ചാണ് ഹാക്കർമാർ പോർട്ടൽ തകർക്കാൻ ശ്രമിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. സി.ബി.എസ്.ഇ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐ.ടി ആക്ടിന്റെ സെക്ഷൻ 66, സെക്ഷൻ 43(എഫ്) എന്നിവ പ്രകാരം പൊലീസ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഐ.എഫ്.എസ്.ഒ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
പോർട്ടലിന് നേരെ ആക്രമണം ഉണ്ടായെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സി.ബി.എസ്.ഇ വാർത്താക്കുറിപ്പിൽ അറിയിച്ചു. പരീക്ഷാ ബോർഡിന്റെ പ്രധാന സിസ്റ്റങ്ങളും ഡാറ്റാബേസുകളും പൂർണ്ണമായും സുരക്ഷിതമാണ്. വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോരുകയോ അനധികൃതമായി ആരെങ്കിലും വെബ്‌സൈറ്റിൽ പ്രവേശിക്കുകയോ ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് യാതൊരുവിധ തടസ്സവുമില്ലാതെ പോർട്ടൽ ഉപയോഗിക്കാനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ബോർഡിന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ കൂടുതൽ ശക്തമാക്കിയതായും ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണം ഏർപ്പെടുത്തിയതായും സി.ബി.എസ്.ഇ വക്താക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.