ഒടുവിൽ മുഖം രക്ഷിക്കാൻ കേന്ദ്രം, സി.ബി.എസ്.ഇ ചെയർമാനെയും സെക്രട്ടറിയെയും മാറ്റി; വീഴ്ച അന്വേഷിക്കും

ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷ നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചയിൽ ഒടുവിൽ മുഖംരക്ഷിക്കൽ നടപടിയുമായി കേന്ദ്ര സർക്കാർ. വിവാദങ്ങൾ ശക്തമാകുന്നതിനിടെ സി.ബി.എസ്.ഇ ബോർഡ് ചെയർമാനെയും സെക്രട്ടറിയെയും കേന്ദ്ര സർക്കാർ അടിയന്തരമായി സ്ഥലം മാറ്റി.

ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെയാണ് തൽസ്ഥാനത്തുനിന്ന് നീക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരമാണ് നടപടി. ഡിജിറ്റൽ മൂല്യനിർണയത്തിലെ (ഓൺ സ്ക്രീൻ മാർക്കിങ്) പിഴവിനെ തുടർന്നാണ് നടപടി. വീഴ്ച അന്വേഷിക്കാൻ ഏകാംഗ സമിതിയും രൂപവത്കരിച്ചു. കപ്പാസിറ്റി ബിൽഡിങ് കമീഷൻ (സി.ബി.സി) ചെയർപേഴ്സൺ എസ്. രാധാ ചൗഹാനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

സി.ബി.എസ്.ഇയുടെ മൂല്യനിർണയ രീതികളെക്കുറിച്ചും പരീക്ഷാ ഫലത്തിനുശേഷമുള്ള തുടർനടപടികളെക്കുറിച്ചും രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് കേന്ദ്ര ഇടപെടൽ.

സമിതി ചെയർപേഴ്സണ് ആവശ്യാനുസരണം മറ്റ് ഓഫിസുകളിലെ ഉദ്യോഗസ്ഥരുടെ സഹായം തേടാൻ അധികാരമുണ്ടെന്നും കമ്മിറ്റിക്കുള്ള സെക്രട്ടറിയൽ സഹായം സി.ബി.സി നൽകുമെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ പറയുന്നു. സി.ബി.എസ്.ഇയുടെ ടെൻഡർ നടപടികളിലെ ക്രമക്കേടുകൾ, ബോർഡിന്റെ ഡിജിറ്റൽ മൂല്യനിർണയ സംവിധാനവുമായി ബന്ധപ്പെട്ട വീഴ്ചകൾ എന്നിവ സമതി വിശദമായി പരിശോധിക്കും. നടപടികളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് സി.ബി.എസ്.ഇയുടെ വാദം. ജനറൽ ഫിനാൻഷ്യൽ റൂൾസ് (GFR), നിലവിലുള്ള സർക്കാർ നടപടിക്രമങ്ങൾ എന്നിവ പാലിച്ചാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കിയതെന്നും സി.ബി.എസ്.ഇ വ്യക്തമാക്കുന്നു.

സി.ബി.എസ്.ഇ 12ാം ക്ലാസ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം. ഓൺ സ്‌ക്രീൻ മാർക്കിങ്ങിനായി ഉപയോഗിച്ച സോഫ്റ്റ്‌വെയറിലെ പിഴവാണ് മൂല്യനിർണയത്തെ ഗുരുതരമായി ബാധിച്ചത്. പിന്നാലെ റീവാല്യുവേഷൻ വേളയിൽ ലഭിച്ച ഉത്തരക്കടലാസുകൾ തങ്ങളുടേതല്ലെന്ന് പറഞ്ഞ് വിദ്യാർഥികൾ രംഗത്തുവന്നതും കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കി. വേദാന്ത് ശ്രീവാസ്തവ എന്ന വിദ്യാർഥി തനിക്ക് ലഭിച്ച ഫിസിക്‌സ് ഉത്തരക്കടലാസിലെ കൈയക്ഷരം തന്റേതല്ലെന്ന് തെളിവ് സഹിതം എക്‌സിൽ പോസ്റ്റ് ചെയ്തു.

ആദ്യം നിഷേധിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ സി.ബി.എസ്.ഇക്ക് പിഴവ് സമ്മതിക്കേണ്ടിവന്നു. വിവാദത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നിരുന്നു. പരീക്ഷാ പേപ്പറുകൾ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് സ്കാൻ ചെയ്തതെന്നും ഇതിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ടെൻഡർ വ്യവസ്ഥകളിൽ അട്ടിമറി നടത്തി ഒരു പ്രത്യേക കമ്പനിക്ക് കരാർ ഒപ്പിച്ചു നൽകാൻ സി.ബി.എസ്.ഇ ഒത്തുകളിച്ചു.

18.5 ലക്ഷം കുട്ടികളുടെ ഭാവി വെച്ചാണ് പന്താടിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും മൗനം പാലിക്കുന്നത് കുറ്റകരമായ പങ്കാളിത്തമാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.

Tags:    
News Summary - CBSE chairman, secretary transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.