ന്യൂഡൽഹി: ജമ്മു-കശ്മീർ മുൻ ലഫ്. ഗവർണർ സത്യപാൽ മലിക്കിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നത് ജമ്മു-കശ്മീരിലെ രണ്ട് വിവാദ പദ്ധതികളുമായി ബന്ധപ്പെട്ടാണ്. ഇതിന്റെ കരാറുകളിലെ ക്രമക്കേടുകൾ തുടക്കത്തിൽതന്നെ ചൂണ്ടിക്കാട്ടിയത് സത്യപാൽ മലിക്. വിശദാംശങ്ങൾക്കായി നേരത്തെ ഒരു വട്ടം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
ഈ കരാറുകളുമായി ബന്ധപ്പെട്ട് വ്യവസായി അനിൽ അംബാനിക്കെതിരെയും ആർ.എസ്.എസ്-ബി.ജെ.പി നേതാവ് രാം മാധവിനെതിരെയും അഭിമുഖങ്ങളിലും മറ്റുമായി സത്യപാൽ മലിക് ആരോപണങ്ങൾ ഉയർത്തിയിരുന്നു. ദേശസുരക്ഷ, അഴിമതിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സമീപനം എന്നിവയെക്കുറിച്ച പരാമർശങ്ങളിലൂടെ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെയാണ് സി.ബി.ഐയുടെ പുതിയ ചോദ്യം ചെയ്യൽ. റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി, ട്രിനിറ്റി ഇൻഷുറൻസ് ബ്രോക്കേഴ്സ് ലിമിറ്റഡ് എന്നിവ ചേർന്ന് ജമ്മു-കശ്മീരിലെ സർക്കാർ ജീവനക്കാർക്കായി തയാറാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ഒന്ന്. 61 കോടി രൂപ പ്രീമിയം അടച്ചെങ്കിലും മലിക്കിന്റെ എതിർപ്പിനൊടുവിൽ ഈ പദ്ധതി 2018ൽ റദ്ദാക്കി. എന്നാൽ, അന്വേഷണം തുടരുന്നു.
ജമ്മുവിലെ കിരു ജല വൈദ്യുത പദ്ധതിക്കായി ചെനാബ് വാലി പവർ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, പട്ടേൽ എൻജിനീയറിങ് ലിമിറ്റഡിന് 4,287 കോടിയുടെ പണികൾ നടത്തുന്നതിന് നൽകിയ കരാറാണ് മറ്റൊന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.