അനിൽ അംബാനിക്കെതിരെ വീണ്ടും സി.ബി.ഐ കേസ്; 3,750 കോടിയുടെ തട്ടിപ്പ് നടന്നതായി പരാതി

ന്യൂഡൽഹി: റിലയൻസ് കമ്മ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനിക്കെതിരെ പുതിയ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് സി.ബി.ഐ. എൽ.ഐ.സി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 3,750 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാരോപിച്ചാണ് നടപടി. അനിൽ അംബാനിക്ക് പുറമെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഉദ്യോഗസ്ഥർക്കും ചില ബാങ്ക്  ഉദ്യോഗസ്ഥർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചന, വഞ്ചന, പണാപഹരണം, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം ഏപ്രിൽ ഒന്നിനാണ് കേസ് രജിസ്റ്റർ ചെയ്തത്.

റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി എൽ.ഐ.സിയെക്കൊണ്ട് 4,500 കോടി രൂപയുടെ 'നോൺ-കൺവെർട്ടബിൾ ഡിബഞ്ചറുകളിൽ' (NCDs) നിക്ഷേപം നടത്തിച്ചു. ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സമാഹരിച്ച പണം കമ്പനിയുടെ സബ്‌സി.ഡിയറികൾ വഴി വഴിതിരിച്ചുവിട്ടു. വ്യാജ സെയിൽസ് ഇൻവോയ്‌സുകൾ, ഇല്ലാത്ത ബില്ലുകൾ എന്നിവ കാണിച്ച് പണം തട്ടിയതായും ഷെൽ കമ്പനികൾ വഴി വൻതോതിൽ ഫണ്ട് കടത്തിയതായും സി.ബി.ഐ വ്യക്തമാക്കുന്നു.

നിക്ഷേപത്തിന് ഈടായി നൽകിയ ആസ്തികളുടെ മൂല്യം പെരുപ്പിച്ചു കാട്ടി എൽ.ഐ.സിയെ വഞ്ചിച്ചു. 2020 ഒക്ടോബറിൽ പുറത്തുവന്ന ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടി. അനിൽ അംബാനിക്കും റിലയൻസ് കമ്മ്യൂണിക്കേഷൻസിനുമെതിരെ സി.ബി.ഐ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ എഫ്‌.ഐ.ആർ ആണിത്. നേരത്തെ മൂന്ന് കേസുകൾ ഇദ്ദേഹത്തിനെതിരെ സി.ബി.ഐ എടുത്തിരുന്നു. നിലവിൽ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്. അനിൽ അംബാനിയെ കൂടാതെ ഇതിന് ഒത്താശ ചെയ്ത ബാങ്ക് ഉദ്യോഗസ്ഥരെയും സി.ബി.ഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുമ്പ് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലുണ്ടായിരുന്ന അനിൽ അംബാനി, തന്റെ ടെലികോം സാമ്രാജ്യം തകർന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും നിയമപോരാട്ടങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്.

Tags:    
News Summary - CBI files fresh FIR against Anil, RCom on LIC complaint alleging 3.7k cr loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.