ഹനുമാൻ ക്ഷേത്രത്തിൽ ഇറച്ചിക്കഷണം; വർഗീയ പ്രചാരണത്തിനിടെ 'പ്രതി'യെ കണ്ടെത്തി പൊലീസ്, തെളിവായത് സിസിടിവി ദൃശ്യങ്ങൾ -VIDEO

ഹൈദരാബാദ്: ഹൈദരാബാദിലെ തപ്പചബുത്രയിൽ ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ ഇറച്ചിക്കഷണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഒരുവിഭാഗം വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിനിടെ, സംഭവത്തിലെ യഥാർഥ 'പ്രതിയെ' കണ്ടെത്തി പൊലീസ്. ഒരു പൂച്ചയാണ് ഇറച്ചിക്കഷണം തെരുവിൽ നിന്ന് ക്ഷേത്രത്തിനുള്ളിൽ കൊണ്ടിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. സംഭവത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ച് സംയമനം പാലിക്കാൻ പൊലീസ് ആഹ്വാനം ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെയാണ് തപ്പചബുത്രയിലെ നടരാജ് നഗറിൽ മദീന ഹോട്ടലിനരികിലുള്ള ക്ഷേത്രത്തിനുള്ളിൽ ഇറച്ചിക്കഷണം കണ്ടെത്തിയത്. 250 ഗ്രാമോളം തൂക്കമുള്ള ഇറച്ചിക്കഷണമാണ് ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠക്ക് അരികിലായി പൂജാരി കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് വൻതോതിൽ ജനം ക്ഷേത്രത്തിനരികിലെത്തി. സംഭവം ബി.ജെ.പി നേതാക്കൾ ഏറ്റെടുക്കുകയും ഇതോടെ വിദ്വേഷ പ്രചാരണങ്ങൾ ആരംഭിക്കുകയും ചെയ്തു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ക്ഷേത്രത്തിന് സമീപം പ്രതിഷേധം സംഘടിപ്പിച്ചു. ഇതോടെ, സാമുദായിക പ്രശ്നമായി ഇത് വളരാനുള്ള സാധ്യതയുമേറി.

സാമുദായിക സംഘർഷ സാധ്യത മുൻനിർത്തി വൻതോതിൽ പൊലീസിനെ സ്ഥലത്ത് വിന്യസിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രതിഷേധത്തിന്‍റെ സാഹചര്യത്തിൽ മേഖലയിലെ കടകളെല്ലാം ഇന്നലെ അടഞ്ഞുകിടക്കുകയായിരുന്നു.

മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ നാല് സംഘത്തെയാണ് പൊലീസ് നിയോഗിച്ചത്. ക്ഷേത്രത്തിന്‍റെ വടക്കുഭാഗത്തെ ഒരു സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കണ്ടത് ഇറച്ചിക്കഷണവുമായി പൂച്ച പോകുന്നതാണ്. പൂച്ച ഇറച്ചിക്കഷണവുമായി ക്ഷേത്രത്തിനുള്ളിലേക്ക് പോകുന്നതും വ്യക്തമായി. ഇതോടെയാണ്, പൂച്ചയാണ് ക്ഷേത്രത്തിൽ ഇറച്ചിക്കഷണം കൊണ്ടിട്ടതെന്ന് തെളിഞ്ഞത്. ഇക്കാര്യം വ്യക്തമായതായി എ.സി.പി വിക്രം സിങ് മൻ പറഞ്ഞു.


സംഭവവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങൾ നടത്തരുതെന്നും സംയമനം പാലിക്കണമെന്നും ഹൈദരാബാദ് പൊലീസ് ആഹ്വാനംചെയ്തിരിക്കുകയാണ്. വലിയ സാമുദായിക പ്രശ്നങ്ങളിലേക്ക് മാറുന്നതിന് മുമ്പ്, കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കേസിലെ യാഥാർഥ്യം കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സൗത്ത്-വെസ്റ്റ് സോൺ പൊലീസ് കമീഷണർ അഭിനന്ദിച്ചു. 

Tags:    
News Summary - Cat, not conspiracy, behind Hyderabad temple meat row: Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.