ബംഗളൂരു: കർണാടകയിൽ ജാതി സെൻസസ് 80% പൂർത്തിയായതായും ആവശ്യമെങ്കിൽ സമയപരിധി നീട്ടുമെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. നിലവിൽ ചില ജില്ലകളിൽ സർവ്വേ നടപടികൾക്ക് കാലതാമസം എടുക്കുന്നുണ്ടെങ്കിലും വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് സെപ്റ്റംബർ 22ന് ആരംഭിച്ച ജാതി സെൻസസിന്റെ സമയപരിധി ഒക്ടോബർ 7ന് അവസാനിക്കും. സെൻസസിന്റെ ഓരോ നീക്കങ്ങളും മുഖ്യമന്ത്രി സിദ്ധരാമയ്യ വിശദമായി പരിശോധിക്കുന്നുണ്ടെന്നും പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സർക്കാറിന്റെ നിർദേശപ്രകാരം പിന്നാക്ക വകുപ്പാണ് സർവ്വേ നടത്തുന്നത്. 420 കോടി രൂപ ചിലവിൽ സംസ്ഥാനത്തെ 1.43 കോടിയിലേറെ വീടുകൾ അടിസ്ഥാമാക്കിയാണ് സർവ്വേ. ജാതി സെൻസസ് നടത്തുന്ന രീതിയിലും ചോദിക്കുന്ന ചോദ്യങ്ങളുടെ സ്വഭാവത്തിലും പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പി നേരത്തെ എതിർപ്പ് ഉന്നയിച്ചിരിടുന്നു. ഇതിന് മറുപടിയായാണ് ആഭ്യന്തരമന്ത്രിയുടെ ഇത്തരമൊരു പ്രതികരണം.
'സാമൂഹികവും വിദ്യാഭ്യാസപരവുമായ സർവേയുടെ പേരിൽ സർക്കാർ നടത്തുന്ന ജാതി സെൻസസ് ദിവസം തോറും ആശയക്കുഴപ്പവും സമൂഹത്തിലുടനീളം അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യുന്നു' എന്ന് സംസ്ഥാന ബി.ജെ.പി മേധാവി ബി.വൈ വിജയേന്ദ്ര പറഞ്ഞു. വരാനിരിക്കുന്ന ദേശീയ സെൻസസിൽ ജാതി കണക്കെടുപ്പ് ഉൾപ്പെടുത്താനുള്ള ചരിത്രപരമായ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്ത് അത്തരമൊരു ആശയക്കുഴപ്പം സൃഷ്ട്ടിക്കുന്ന ജാതി സെൻസസിന്റെ ആവശ്യമില്ലായിരുന്നു എന്നും വിജയേന്ദ്ര പറഞ്ഞു. ഇതിനിടയിൽ കർണാടക സർക്കാർ നടത്തുന്ന ജാതി സെൻസസ് അശാസ്ത്രീയവും സാങ്കേതിക പ്രശ്നങ്ങൾകൊണ്ട് ആശയകുഴപ്പം സൃഷ്ട്ടിക്കുന്നുണ്ടെന്നാരോപിച്ച് കേന്ദ്ര സഹമന്ത്രി വി. സോമണ്ണ രംഗത്തെത്തി.
ജാതി സെൻസസിനെ വിമർശിച്ച മുഴുവൻ പ്രതിപക്ഷ നേതാക്കളെയും 'കപടത നിറഞ്ഞ നേതാക്കൾ' എന്നാണ് സിദ്ധരാമയ്യ വിശേഷിപ്പിച്ചത്. ഒരുകാലത്ത് ബിഹാറിലും തെലുങ്കാനയിലും ജാതി സെൻസസിനെ പിന്തുണച്ചിരുന്ന കേന്ദ്രസർക്കാർ ജാതി സെൻസസ് ആരംഭിച്ച കർണാടകയിൽ ബഹിഷ്ക്കരണത്തിനാണ് ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുല്യ പ്രാധിനിത്യം ഉറപ്പുകുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും സിദ്ധരാമയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.