ന്യൂഡൽഹി: ഓക്സിജൻ ക്ഷാമം തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട കേസുകൾ ഹൈകോടതികളിൽനിന്ന് ഏറ്റെടുക്കാനുള്ള നീക്കത്തിൽനിന്ന് സുപ്രീംകോടതി പിന്നോട്ട്. പ്രമുഖ നിയമജ്ഞരിൽനിന്ന് നേരിട്ട അതിരൂക്ഷമായ വിമർശനത്തിൽ അതൃപ്തി പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ൈഹകോടതികളിൽനിന്ന് കേസ് ഏറ്റെടുക്കുന്നില്ലെന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസുമായുള്ള ചങ്ങാത്തം മൂലം നിയമിച്ചതാണെന്ന പ്രതീതിക്കിടയിൽ പ്രവർത്തിക്കാനാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമിക്കസ് ക്യൂറി പദവിയിൽനിന്ന് അഡ്വ. ഹരീഷ് സാൽവെയും ഒഴിവായി.
ഹൈകോടതികളിൽനിന്ന് കേസുകൾ ഏറ്റെടുക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്ന് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് വെള്ളിയാഴ്ച പറഞ്ഞു. മുതിർന്ന അഭിഭാഷകർ പറഞ്ഞതായി വായിച്ച കാര്യങ്ങളിൽ തങ്ങൾ സന്തുഷ്ടരല്ലെന്നും എന്നാൽ എല്ലാവർക്കും സ്വന്തം അഭിപ്രായം ഉണ്ടാകാമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വ്യക്തമാക്കി. വിവാദങ്ങൾക്കിടെ തന്നെ അമിക്കസ് ക്യൂറി പദവിയിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന് അഡ്വ. ഹരീഷ് സാൽവെ ആവശ്യപ്പെട്ടപ്പോഴാണ്ചീഫ് ജസ്റ്റിസ് ഇങ്ങനെ പറഞ്ഞത്. ചീഫ് ജസ്റ്റിസുമായുള്ള സ്കൂൾകാല ചങ്ങാത്തം കൊണ്ടാണ് തന്നെ നിയമിച്ചതെന്ന ആരോപണത്തിെൻറ നിഴലിൽ ഈ കേസ് കേൾക്കാൻ താൽപര്യമില്ലെന്ന് സാൽവെ ബോധിപ്പിച്ചു. മുതിർന്ന അഭിഭാഷകരുടെ പ്രസ്താവനകളാൽ താങ്കൾക്ക് വേദനിച്ചിട്ടുണ്ടാകുമെന്ന് അറിയാമെന്നും വികാരം മാനിക്കുകയാണെന്നും അഡ്വ. ഹരീഷ് സാൽവെയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഡൽഹിയിലെ ആശുപത്രികളിൽ ഓക്സിജൻ കിട്ടാത്ത പ്രശ്നം പരിഹരിക്കാനാണ് കോടതി നോക്കേണ്ടതെന്ന് അഡ്വ. വികാസ് സിങ് ആവശ്യപ്പെട്ടപ്പോൾ, അക്കാര്യമാണ് തങ്ങൾ പരിശോധിക്കുന്നത് എന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ മറുപടി. മറുപടി നൽകാൻ കേന്ദ്ര സർക്കാർ സമയം നീട്ടി ചോദിച്ചപ്പോൾ അതംഗീകരിച്ച് ഇന്നേക്ക് വിഷയം അവസാനിപ്പിക്കുകയാണെന്നും ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
കോടതിയെ അപകീർത്തിപ്പെടുത്താനുള്ള മത്സരമാണ് മാധ്യമങ്ങളിൽ നടക്കുന്നതെന്നും ഒരു ദുരന്തസമയത്ത് അവസാനം സംഭവിക്കേണ്ട ഒന്നാണിതെന്നും കേന്ദ്ര സർക്കാറിെൻറ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. കടുത്ത ഭാഷയിൽ സുപ്രീംകോടതി നടപടിയെ വിമർശിച്ച അഡ്വ. ദുഷ്യന്ത് ദവെയോട് ഉത്തരവിലില്ലാത്ത കാര്യത്തിന് ഉത്തരവിറങ്ങും മുെമ്പയാണ് വിമർശിച്ചതെന്ന് ജസ്റ്റിസ് നാഗേശ്വര റാവു പരാതിപ്പെട്ടു. ഉത്തരവ് കാണാതെയാണോ മുതിർന്ന അഭിഭാഷകർ സംസാരിക്കുകയെന്ന് അദ്ദേഹം േചാദിച്ചു. ഉത്തരവ് വായിക്കാതെയാണോ കുറ്റം ആരോപിക്കുന്നതെന്നും ജസ്റ്റിസ് റാവു ചോദിച്ചു. താൻ കുറ്റാരോപണം നടത്തിയിട്ടില്ലെന്നായിരുന്നു ദുഷ്യന്ത് ദവെയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.