കേന്ദ്രം ഫണ്ടുകൾ നിഷേധിക്കുന്നു; കർണാടകയിൽ പഞ്ചായത്തുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് പ്രിയങ്ക് ഖാർഗെ

ബംഗളൂരു: കർണാടകയുടെ പുരോഗതിക്ക് കേന്ദ്രസർക്കാർ തടസ്സം സൃഷ്ടിക്കുകയാണെന്നാരോപിച്ച് ഗ്രാമവികസന-പഞ്ചായത്തീ രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ. കേന്ദ്രം വാഗ്ദാനം ചെയ്ത ഫണ്ട് വിഹിതം പുറത്തിറക്കാത്തത് ജൽ ജീവൻ മിഷനും (ജെ.ജെ.എം) സംസ്ഥാനത്തെ മറ്റ് നിരവധി വികസന പദ്ധതികൾക്കും തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു.

ജെ.ജെ.എം പ്രകാരം കഴിഞ്ഞ വർഷം സംസ്ഥാനം 2,500 കോടി രൂപ പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചത് 517 കോടി രൂപ മാത്രമാണെന്ന് വാർത്താസമ്മേളനത്തിൽ പ്രിയങ്ക് ഖാർഗെ പറഞ്ഞു. ജനങ്ങൾ ബുദ്ധിമുട്ടുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ട് ബാക്കി തുക നൽകേണ്ടിവന്നു. എന്നാൽ, ഈ വർഷം കേന്ദ്രം വീണ്ടും തങ്ങളുടെ വിഹിതം നിഷേധിച്ചു. ജെ.ജെ.എം പദ്ധതിക്കെതിരെ കർണാടകക്ക് ഏകദേശം 13,000 കോടി രൂപ വിട്ടുകൊടുക്കേണ്ടി വന്നു. എന്നിട്ടും, കർണാടകക്ക് കുടിശ്ശികയില്ലെന്ന് പ്രധാനമന്ത്രി പാർലമെന്റിൽ അവകാശപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകയെ ബാധിക്കുന്ന വിഷയങ്ങളിൽ മൗനം പാലിച്ചതിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും കർണാടക എം.പിമാരെയും മന്ത്രി വിമർശിച്ചു. 15-ാം ധനകാര്യ കമീഷൻ ശിപാർശ ചെയ്ത ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു. കൽബുറഗി, ബിദാർ ജില്ലകളിലെ കുടിവെള്ള പദ്ധതികൾക്കായി അനുവദിച്ച 6,000 കോടി രൂപയുടെ ഫണ്ടും സംസ്ഥാനത്തെ ദേശീയപാത പദ്ധതികൾക്ക് ആവശ്യമായ ഫണ്ടും പോലും തടഞ്ഞുവച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 

സ്വന്തം നേതാക്കൾ ഉൾപ്പെട്ട അഴിമതിയെക്കുറിച്ച് സംസാരിക്കാൻ ബി.ജെ.പി വിസമ്മതിക്കുന്നു. രൂപയുടെ മൂല്യത്തകർച്ചയും ലക്ഷക്കണക്കിന് ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾ അടച്ചുപൂട്ടലും കേന്ദ്ര സർക്കാറിരിന്റെ 'അമൃത് കാൽ', 'വിക്ഷിത് ഭാരത്' എന്നീ അവകാശവാദങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മോദി നയിക്കുന്ന സർക്കാറിന്റെ മുദ്രാവാക്യങ്ങൾ സാധാരണക്കാർക്ക് പ്രയോജനപ്പെടുന്നില്ല. മുതലാളിമാർക്ക് മാത്രമേ പ്രയോജനം ചെയ്യുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ സന്ദർശന വേളയിൽ പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും ക്ഷണിക്കാത്തതിന് പ്രധാനമന്ത്രിയെ അദ്ദേഹം വിമർശിച്ചു. ഒരു സ്ഥാപിത പാരമ്പര്യം തകർന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Central funds denied; Panchayats in Karnataka in dire financial straits: Priyank Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.