ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ വാണിജ്യ എൽ.പി.ജി സിലിണ്ടറുകൾക്ക് വിലകൂട്ടി എണ്ണ കമ്പനികൾ. 19 കിലോഗ്രാമിന്‍റെ എൽ.പി.ജി സിലിണ്ടറുകൾക്ക് 111 രൂപയാണ് കൂട്ടിയത്. പുതിയ നിരക്ക് വ്യാഴാഴ്ച്ച പ്രാബല്യത്തിൽ വന്നു. അതേസമയം 14.2 കിലോഗ്രാമിന്‍റെ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ വർഷം ജൂണിന് ശേഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറകളുടെ വില ഉയർന്ന നിരക്കിലെത്തുന്നത്.
ഡിസംബറിൽ രണ്ട് തവണ വില കുറച്ചതിന് ശേഷമാണ് വില വർധിപ്പിക്കുന്നത്. 19 കിലോഗ്രാമിന്‍റെ സിലിണ്ടറിന് ഡിസംബർ ഒന്നിന് 15.50 രൂപയും പിന്നീട് അഞ്ച് രൂപയും കുറച്ചിരുന്നു.
കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില ഏകദേശം 1698 രൂപയിലെത്തി. തിരുവനന്തപുരത്ത് 1719 രൂപയായും കോഴിക്കോട് 1730 രൂപയായും വില ഉയർന്നു.
വാണിജ്യ എൽ.പി.ജി വില മെട്രോ നഗരങ്ങളിലുടനീളം വർധിച്ചു. ഡൽഹിയിൽ വാണിജ്യ എൽ.പി.ജി സിലിണ്ടറിന്‍റെ ചില്ലറ വിൽപന വില 1691.50 രൂപയാണ്. മുൻപ് 1580.50 ആയിരുന്നു. മുംബൈയിൽ 1531.50 രൂപയിൽ നിന്ന് 1642.50 രൂപയായും കൊൽക്കത്തയിൽ 1684 രൂപയിൽ നിന്ന് 1795 രൂപയായും വില ഉയർന്നു. 1739.50 ൽ നിന്ന് 1849.50 രൂപയിലെത്തിയ ചെന്നൈയിലാണ് ഏറ്റവും ഉയർന്ന വില വർധനവ് രേഖപ്പെടുത്തിയത്.
വീടുകളിലെ പാചകാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഗാർഹിക എൽ.പി.ജി സിലിണ്ടറിന് കഴിഞ്ഞ വർഷം ഏപ്രിലിൽ 50 രൂപ ഉയർന്നിരുന്നു. ഗാർഹിക പാചകവാതക വില ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന് 853 രൂപയാണ്. മുംബൈയിൽ 852.50 രൂപയും കൊൽക്കത്തയിൽ 879 രൂപയും ചെന്നൈയിൽ 868.50 രൂപയുമാണ് ഗാർഹിക എൽ.പി.ജി വില.
ഇതിനുപുറമെ, അഞ്ച് കിലോഗ്രാം ഫ്രീ ട്രേഡ് എൽ.പി.ജി (എഫ്.ടി.എൽ) സിലിണ്ടറുകൾക്ക് 27 രൂപ വർധിച്ചതും ഇന്ന് മുതൽ പ്രാബല്യത്തിലായി. അതേസമയം, വ്യാഴാഴ്ച ഡൽഹിയിൽ ഏവിയേഷൻ ടർബൈൻ ഇന്ധനം (എ.ടി.എഫ്) അഥവാ ജെറ്റ് ഇന്ധനത്തിന്റെ വില കിലോലിറ്ററിന് 7353.75 രൂപ (7.3 ശതമാനം) കുറച്ച് 92,323.02 രൂപയായി. മൂന്ന് തവണ വില വർധന നടപ്പിലാക്കിയതിന് ശേഷമാണ് ഈ കുറവ്.
അന്താരാഷ്ട്ര മാനദണ്ഡങ്ങളെയും വിനിമയ നിരക്കിനെയും അടിസ്ഥാനമാക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ എല്ലാ മാസവും ആദ്യ ദിവസം എ.ടി.എഫ്, എൽ.പി.ജി വിലകൾ പരിഷ്കരികരിക്കാറുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ ലിറ്ററിന് രണ്ട് രൂപ കുറച്ചതിന് ശേഷം പെട്രോൾ, ഡീസൽ വിലകൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.
ഡൽഹിയിൽ നിലവിൽ പെട്രോളിന് ലിറ്ററിന് 94.72 രൂപയും ഡീസലിന് 87.62 രൂപയുമാണ് വില. മറ്റ് മെട്രോ നഗരങ്ങളിലും ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. ഡീസലിന് മുംബൈയിൽ 92.15 രൂപയും ചെന്നൈയിൽ 92.43 രൂപയും കൊൽക്കത്തയിൽ 90.76 രൂപയുമാണ് വില. അതേസമയം, പെട്രോളിന് മുംബൈയിൽ 104.21 രൂപയും ചെന്നൈയിൽ 100.85 രൂപയും കൊൽക്കത്തയിൽ 103.94 രൂപയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.