ഷിംല: ഹിമാചൽപ്രദേശിൽ രാജ്യസഭ തെരഞ്ഞെടുപ്പിൽ ആറു കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ടുചെയ്തതുമായി ബന്ധപ്പെട്ട് ഒരു സ്വതന്ത്ര എം.എൽ.എക്കും കോൺഗ്രസ് വിമത എം.എൽ.എയുടെ പിതാവിനുമെതിരെ പൊലീസ് കേസെടുത്തു.
കോൺഗ്രസ് എം.എൽ.എ സഞ്ജയ് അവസ്തി ഭുവനേശ്വർ ഗൗർ നൽകിയ പരാതിയിലാണ് ഹമീർപുരിലെ സ്വതന്ത്ര എം.എൽ.എ ആശിഷ് ശർമക്കും അയോഗ്യനാക്കപ്പെട്ട ഗാഗ്രറ്റിൽനിന്നുള്ള എം.എൽ.എ ചേതന്യ ശർമയുടെ പിതാവിനുമെതിരെ തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്തത്. അടുത്തിടെ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി ഹർഷ് മഹാജന് ആറു കോൺഗ്രസ് വിമതരും മൂന്നു സ്വതന്ത്രരും ഉൾപ്പെടെ ഒമ്പത് എം.എൽ.എമാരാണ് വോട്ടുചെയ്തത്.
എന്നാൽ, റിട്ട. സർക്കാർ ഉദ്യോഗസ്ഥനായ ചേതന്യയുടെ പിതാവിന് ഇതിലുള്ള പങ്ക് എന്താണെന്നത് വ്യക്തമല്ല. ക്രിമിനൽ ഗൂഢാലോചന, അഴിമതി, തെരഞ്ഞെടുപ്പിലെ ദുഃസ്വാധീനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് നടപടിക്കെതിരെ രൂക്ഷപ്രതികരണവുമായി വിമത കോൺഗ്രസ് എം.എൽ.എമാരിൽ ഒരാളായ രജീന്തർ റാണ രംഗത്തെത്തി. തെറ്റായ പരാതികൾ നൽകി കീഴ്പ്പെടുത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കിൽ വിലപ്പോവില്ല. ഇത്തരം രീതികളാണ് ബി.ജെ.പിക്ക് വോട്ടുചെയ്യാൻ എം.എൽ.എമാരെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.