ഐ.എൻ.എസ് വിക്രാന്തിനായി സമാഹരിച്ച 57 കോടി വകമാറ്റി ബി.ജെ.പി നേതാവിനും മകനുമെതിരെ കേസ്

മുംബൈ: ഇന്ത്യൻ നാവിക സേനയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിന്റെ നവീകരണത്തിനായി സമാഹരിച്ച കോടികൾ വകമാറ്റി ചെലവഴിച്ച കുറ്റത്തിന് ബി.ജെ.പി നേതാവിനും മകനുമെതിരെ കേസ്. മഹാരാഷ്ട്ര ബി.ജെ.പി വൈസ് പ്രസിഡന്റും മുൻ ലോക്‌സഭ അംഗവുമായ കിരിത് സോമയ്യയ്ക്കും മകൻ നെയിലിമെതിരെയാണ് 57 കോടി രൂപ വകമാറ്റിയെന്ന പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തത്.

മുൻ ഇന്ത്യൻ സൈനികൻ ബാബൻ ബോസ്ലെ നൽകിയ പരാതിയിലാണ് നടപടി. 1971ൽ പാകിസ്താനെതിരെ നടന്ന യുദ്ധത്തിൽ നിർണായക പങ്കുവഹിച്ച കപ്പലാണ് ഐ.എൻ.എസ് വിക്രാന്ത്. എന്നാൽ, വിക്രാന്തിന്റെ സ്ഥിതി മോശമായതോടെ 1997ൽ ഡീകമീഷൻ ചെയ്യുകയും നവീകരിച്ച് മ്യൂസിയമാക്കാൻ തീരുമാനിക്കുകയും ചെയ്തു. പിന്നീട് 2014ൽ കപ്പൽ ഓൺലൈൻ ലേലത്തിലൂടെ വിൽക്കുകയും അതേ വർഷം നവംബറിൽ തീരുമാനം പിൻവലിക്കുകയും ചെയ്തു. എന്നാൽ, വിക്രാന്തിന്റെ നവീകരണത്തിനെന്നു പറഞ്ഞ് കിരിത് സോമയ്യയും മകനും ചേർന്ന് പൊതുജനങ്ങളിൽനിന്ന് ധനസമാഹരണം നടത്തി. ഈ തുക മഹാരാഷ്ട്ര ഗവർണറുടെ സെക്രട്ടറി ഓഫീസിൽ നിക്ഷേപിക്കുന്നതിന് പകരം ഇവർ തട്ടിയെടുത്തെന്നാണ് പരാതി. അതേസമയം, 'സേവ് ഐ.എൻ.എസ് വിക്രാന്ത്' കാമ്പയിന് കീഴിൽ ശേഖരിച്ച ഫണ്ട് ദുരുപയോഗം ചെയ്തിട്ടില്ലെന്നും ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും കിരിത് സോമയ്യ പറഞ്ഞു. രണ്ടു തവണ ലോക്‌സഭ അംഗമായിരുന്നയാളാണ് കിരിത് സോമയ്യ. മകൻ നെയിൽ സോമയ്യയും ബി.ജെ.പി ഭാരവാഹിയാണ്. നിലവിൽ മുംബൈ മുനിസിപ്പൽ കൗൺസിലർ കൂടിയാണ്.

Tags:    
News Summary - Case Against BJP's Kirit Somaiya, Son Over Swindle Of INS Vikrant Funds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.