തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; അമിത് ഷാക്കെതിരെ കേസ്

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കേസ്. തെലങ്കാനയിലാണ് അമിത് ഷാക്കെതിരെ കേസ് എടുത്തത്. സംസ്ഥാന കോൺഗ്രസാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് അമിത് ഷാക്കെതിരെ പരാതി നൽകിയത്.

തെലങ്കാന പ്രദേശ് കോൺഗ്രസ് കമിറ്റിയുടെ വൈസ് പ്രസിഡന്റായ നിരഞ്ജൻ റെഡ്ഡി തെരഞ്ഞെടുപ്പ് കമീഷനാണ് പരാതി നൽകിയത്. മെയ് ഒന്നിന് അമിത് ഷാ നടത്തിയ റാലിയുടെ വേദിയിൽ ബി.ജെ.പിയുടെ പ്രചാരണത്തിനായി കുട്ടികളെ ഉപയോഗിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

അമിത് ഷായുടെ റാലിയിൽ ബി.ജെ.പി ചിഹ്നം പിടിച്ച് കുട്ടികളെത്തിയെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നുമാണ് കോൺഗ്രസ് നിലപാട്. കുട്ടികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശമുണ്ടായിരുന്നു. ഇതും തെരഞ്ഞെടുപ്പ് കമീഷന് അയച്ച ഇമെയിലിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിജസ്ഥിതി പരിശോധിക്കാനായി പരാതി തെരഞ്ഞെടുപ്പ് കമീഷൻ ഹൈദരാബാദ് പൊലീസിന് നൽകി. പരിശോധനക്ക് ശേഷമാണ് പൊലീസ് അമിത് ഷാക്കെതിരെ കേസ് എടുത്തത്. മുതിർന്ന ബി.ജെ.പി നേതാവ് ടി.യാമൻ സിങ്, ജനപ്രതിനിധി ജി.കിഷൻ റെഡ്ഡി, ടി.രാജ സിങ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

ഹൈദരാബാദ് മണ്ഡലത്തിൽ മാധവി ലതയാണ് ബി.ജെ.പി സ്ഥാനാർഥിയായി സിറ്റിങ് എം.പിയും എ.ഐ.എം.ഐ.എം അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസിയെ നേരിടുന്നത്. തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമായ മെയ് 13നാണ് ഹൈദരാബാദിൽ​ വോട്ടെടുപ്പ് നടക്കുന്നത്.

Tags:    
News Summary - Case against Amit Shah for poll code violation in Telangana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.