ഐഷി ഘോഷ്
ന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നൽകിയ ഉറപ്പുകൾ കേന്ദ്ര സർക്കാർ ലംഘിച്ചെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ ജോയന്‍റ് സെക്രട്ടറി ഐഷി ഘോഷ്. സർക്കാർ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിക്കുകയും തന്റെ ഫോൺ ചോർത്തുകയുമാണ്. 2021 ലെ കേസിന്റെ പേരിൽ കസ്റ്റഡിയിലെടുക്കാൻ സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫിസിലേക്ക് ഡൽഹി പൊലീസ് എത്തിയത് തന്നെ പിന്തുടർന്നാണ്. താൻ എവിടെ എന്നത് സംബന്ധിച്ച് പൊലീസിന് സൂചന കിട്ടിയത് എങ്ങനെയാണെന്നും അവർ വാർത്തസമ്മേളനത്തിൽ ചോദിച്ചു.
സമരത്തിന് ശേഷം വിദ്യാർഥികളെ തുടർച്ചയായി വേട്ടയാടുകയാണെന്നും നേതാക്കളെ പൊലീസ് ലക്ഷ്യം വെക്കുകയാണെന്നും എസ്.എഫ്.ഐ ദേശീയ പ്രസിഡന്‍റ് ആദർശ് എം. സജിയും പറഞ്ഞു. വിദ്യാർഥികളെ തീവ്രവാദികളാക്കുകയാണ്. ബി.ജെ.പി സർക്കാറിനെ ഭയമില്ലെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തേ, ഐഷി ഘോഷിന്റെ അറസ്റ്റ് പട്യാല ഹൗസ് കോടതി വ്യാഴാഴ്ച വരെ തടഞ്ഞിരുന്നു. അറസ്റ്റ് നടപടികൾ തടയണമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഐഷി ഘോഷ് കോടതിയെ സമീപിച്ചത്. 2021ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഡൽഹി പൊലീസ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്.
എ.കെ.ജി ഭവനിലെത്തിയ പൊലീസ് ഐഷിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും ജോൺ ബ്രിട്ടാസ് എംപിയുടെ നേതൃത്വത്തിൽ പൊലീസിനെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. യൂനിഫോം ധരിക്കാതെയായിരുന്നു ഡൽഹി പൊലീസ് എത്തിയത്. സിജെപി സമരത്തിൽ ശക്തമായ സാന്നിധ്യമായിരുന്നു ഐഷി ഘോഷ്. ഇതിന് പിന്നാലെയാണ് ഐഷിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഡൽഹി പൊലീസ് ശക്തമാക്കിയത്.
ജെ.എൻ.യു വിദ്യാർഥി യൂനിയന്റെ മുൻ അധ്യക്ഷയായിരുന്നു ഐഷി ഘോഷ്. അതേസമയം, പ്രക്ഷോഭത്തിന്റെ പേരിൽ വിദ്യാർഥികളെ പ്രതികളാക്കി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പൊലീസ് എ.കെ.ജി സെന്ററിൽ എത്തിയതെന്ന് സി.പി.എം നേതാക്കൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.