കൊൽക്കത്ത: ബി.ജെ.പി ടിക്കറ്റിൽ ആദ്യമായി എം.എൽ.എയായതിന് ശേഷം തൃണമൂലിലേക്ക് കൂറുമാറിയ മുകുൾ റോയിയെ സംസ്ഥാന നിയമസഭയിൽ നിന്നും അയോഗ്യനാക്കി കൽക്കട്ട ഹൈകോടതി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടി. 2021 ജൂണ്‍ 11 മുതല്‍ അദ്ദേഹം അയോഗ്യനാണെന്നും പി.എ.സി ചെയര്‍മാന്‍ സ്ഥാനവും റദ്ദാക്കിയെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ദേബാങ്‌സു ബസക്, എം.ഡി ഷബ്ബാര്‍ റാഷിദി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പശ്ചിമ ബംഗാള്‍ നിയമസഭയുടെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) ചെയര്‍മാനായി മുകുള്‍ റോയിയെ നാമനിര്‍ദേശം ചെയ്ത നടപടിയും കോടതി റദ്ദാക്കി. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരമാണ് ഈ നടപടി. ബി.ജെ.പിയാണ് മുകുള്‍ റോയിക്കെതിരെ കോടതിയെ സമീപിച്ചത്. റോയിക്കെതിരായ വാദങ്ങള്‍ കോടതിയില്‍ നിഷേധിക്കാതിരുന്നതും ഹരജിയെ എതിര്‍ക്കാത്തതും പരിഗണിച്ചായിരുന്നു ഹൈകോടതിയുടെ നടപടി.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൃഷ്ണനഗർ നോർത്ത് സീറ്റിൽ നിന്നാണ് ബി.ജെ.പി ടിക്കറ്റിൽ മുകുൾ റോയ് വിജയിച്ചത്. തൃണമൂലിൽ നിന്ന് രാജ്യസഭാംഗമായിരിക്കുകയും റെയിൽവേ മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്ത റോയ് തെരഞ്ഞെടുപ്പ് നടന്ന് ഒരു മാസത്തിനുള്ളിൽ തന്റെ മാതൃ പാർട്ടിയിലേക്ക് മടങ്ങുകയായിരുന്നു. പിന്നാലെ പശ്ചിമബംഗാള്‍ പ്രതിപക്ഷ നേതാവും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ സുവേന്ദു അധികാരിയും ബി.ജെ.പി എം.എല്‍.എ അംബിക റോയിയും അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഹരജി 2022ല്‍ നിയമസഭാ സ്പീക്കര്‍ തള്ളിക്കളഞ്ഞു.
കൂറുമാറ്റം സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളില്ലെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം. തുടര്‍ന്നാണ് അംബിക റോയി ഹൈകോടതിയെ സമീപിച്ചത്. അയോഗ്യതാ ഹരജിയില്‍ നടപടിയെടുക്കാന്‍ വിസമ്മതിച്ച സ്പീക്കറുടെ നടപടിയെയും കോടതി വിമര്‍ശിച്ചു. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ അനാവശ്യമായ കാലതാമസം വരുത്തുന്നത് ഭരണഘടനാ കടമയുടെ ലംഘനമാണെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.