മന്ത്രിസഭ പുന:സംഘടന; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍, പ്രഖ്യാപനം വൈകീട്ട്

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ മന്ത്രിസഭ പുന:സംഘടന പ്രഖ്യാപനം ഇന്ന് വൈകീട്ടുണ്ടാകും. ഇതിന് മുന്നോടിയായി ഡല്‍ഹിയില്‍ തിരക്കിട്ട കൂടിക്കാഴ്കള്‍ നടക്കുകയാണ്. മന്ത്രിസഭ പ്രവേശനത്തിന് സാധ്യതയുള്ള നേതാക്കളെ ഇന്നലെ തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. 43 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ്​ സൂചന

കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രധാന നേതാക്കള്‍ കൂടിക്കാഴ്ച നടത്തുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നഡ്ഡ, മീനാക്ഷി ലേഖി, സര്‍ബാനന്ദ സോനോവാള്‍, പുരുഷോത്തം റുപാല, നിസിത് പ്രമാണിക്, ആര്‍.സി.പി സിങ്, പശുപതി പരസ് എന്നിവര്‍ ഇവിടെയെത്തിയിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുതിര്‍ന്ന ബി.ജെ.പി നേതാവ് നാരായണ്‍ റാണെ, ബംഗാള്‍ എം.പിമാരായ ശാന്തനു ഠാക്കൂര്‍, നിസിത് പ്രമാണിക്, ജെ.ഡി.യു നേതാവ് ആര്‍.സി.പി. സിങ്, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍മോദി, വരുണ്‍ ഗാന്ധി, എല്‍.ജെ.പിയുടെ പശുപതി പരസ് തുടങ്ങിയവർ മന്ത്രിസഭയിലെത്തുമെന്നാണ്​ സൂചന. കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗവും വ്യവസായിയുമായ രാജീവ്​ ചന്ദ്രശേഖറും മന്ത്രിയായേക്കും. അനുരാഗ് താക്കൂർ,ജി കിഷൻ റെഡ്ഡി, പർഷോതം രുപാല എന്നിവർക്ക്​ കാബിനറ്റ്​ മന്ത്രിമാരായി പ്രമോഷൻ ലഭിച്ചേക്കും.

മന്ത്രിസഭ പുന:സംഘടനക്ക് മുമ്പായി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുതുതായി സഹകരണ മന്ത്രാലയം രൂപവത്കരിച്ചിരുന്നു. 'സഹകരണത്തിലൂടെ സമൃദ്ധി' എന്ന കാഴ്ചപ്പാടോടെയാണ് മന്ത്രാലയം രൂപവത്കരിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കി.അതിനിടെ, ഇന്നലെ എട്ട് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു. കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ടിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചു. മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയെ ഗോവ ഗവര്‍ണറായി നിയമിച്ചു.

ഹരിയാന ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയെ ത്രിപുര ഗവര്‍ണറാക്കി. ത്രിപുരയില്‍ നിന്ന് മേശ് ബയസ്സിനെ ഝാര്‍ഖണ്ഡിലേക്കും ഹിമാചല്‍ ഗവര്‍ണറായിരുന്ന ബണ്ടാരു ദത്താത്രയെ ഹരിയാനയിലെയും ഗവര്‍ണര്‍മാരായി മാറ്റി നിയമിച്ചു. മംഗുഭായ് ചഗന്‍ഭായ് പട്ടേലിനെ മധ്യപ്രദേശ് ഗവര്‍ണറായും ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറേയും നിയമിച്ചു.


Tags:    
News Summary - Cabinet reshuffle live updates: New ministers likely to be announced at 6 pm today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.