ന്യൂഡല്‍ഹി: പ്രമുഖ സാഹിത്യകാരൻ പ്രഫ. എം.എം. കൽബുർഗിയുടെ വധത്തെക്കുറിച്ച് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഉമാദേവി നൽകിയ റിട്ട് ഹരജിയിൽ നിലപാട് ആരാഞ്ഞ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും കേന്ദ്ര അന്വേഷണ ഏജൻസികൾക്കും സുപ്രീംകോടതി നോട്ടീസ്. കേന്ദ്ര സർക്കാറിനു പുറമെ, കേന്ദ്ര അന്വേഷണ ഏജൻസിയായ എൻ. െഎ.എ, സി.ബി.ഐ എന്നിവക്കും കര്‍ണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാന സര്ക്കാറുകള്ക്കുമാണ് നോട്ടീസ്. ആറാഴ്ചക്കകം മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചു.
സുപ്രീംകോടതിയില്‍നിന്നോ ഹൈകോടതിയില്‍നിന്നോ വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ കര്‍ണാടക പൊലീസിെൻറ പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ഉമാദേവി ഹരജിയില്‍ ആവശ്യപ്പെട്ടത്.
2015 ഫെബ്രുവരി 16ന് മഹാരാഷ്ട്രയിലെ കോലാപുരില്‍ ഗോവിന്ദ് പന്‍സാരെ, 2013 ആഗസ്റ്റ് 20ന് പുണെയില്‍ ഡോ. നരേന്ദ്ര ദാഭോൽകർ എന്നിവർ കൊല്ലപ്പെട്ടതിനു പിന്നിൽ പ്രവര്ത്തിച്ചവര്തന്നെയാണ് കൽബുർഗിയുടെ വധത്തിനു പിന്നിലുമുള്ളതെന്ന് ഉമാദേവി സംശയം പ്രകടിപ്പിച്ചു. മൂന്നുപേരുടെയും കൊലപാതകങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കല്‍ബുര്‍ഗിയുടെ വധത്തില്‍ മഹാരാഷ്ട്ര, കര്‍ണാടക, ഗോവ സര്‍ക്കാറുകളും സി.ബി.ഐയും എൻ.െഎ.എയും സംയോജിത അന്വേഷണം നടത്തണം.
വിഗ്രഹാരാധനക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരേ കടുത്ത നിലപാടെടുത്തിരുന്ന പ്രഫ. എം.എം കല്‍ബുര്‍ഗി 2015 ആഗസ്റ്റ് 30നാണു വെടിയേറ്റു മരിച്ചത്. കുടുംബാംഗങ്ങളോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേയാണ് കൊലയാളികള്‍ വെടിയുതിര്‍ത്തത്. അന്ധവിശ്വാസങ്ങള്ക്കെതിരേയുള്ള കടുത്ത പരാമര്‍ശങ്ങളില്‍ കല്‍ബുര്‍ഗിക്കെതിരേ വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.