ബംഗളൂരുവിൽനിന്ന് കുടക് വഴി കേരളത്തിലേക്ക്​ ബസ് സർവിസുകൾ വെള്ളിയാഴ്ച പുനരാരംഭിക്കും

ബംഗളൂരു: കോവിഡിനെ തുടർന്ന് കുടക് ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ മൂന്നു മാസത്തെ ഇടവേളക്കുശേഷം ബംഗളൂരുവിൽനിന്ന് കുടക് ജില്ലയിലൂടെ കണ്ണൂർ, കാഞ്ഞങ്ങാട്, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള കേരള - കർണാടക ആർ.ടി.സികളുടെ ബസ് സർവിസുകൾ വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കും. കുടക് വഴിയുള്ള ബംഗളൂരുവിൽനിന്നുള്ള സ്വകാര്യ ബസുകളുടെ സർവിസും വൈകാതെ ആരംഭിക്കും. വെള്ളിയാഴ്ച മുതൽ ബംഗളൂരുവിൽനിന്ന് കുടകിലെ മാക്കൂട്ടം ചുരംപാത വഴി കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കുള്ള ബസ് സർവിസ് ഉൾപ്പെടെ കുടക് വഴി കേരളത്തിലേക്കുള്ള ഏഴ്​ സർവിസുകളാണ് വീണ്ടും ആരംഭിക്കുന്നതെന്ന് കർണാടക ആർ.ടി.സി അധികൃതർ അറിയിച്ചു.

ബംഗളൂരുവിൽനിന്ന് കുടകിലെ കുട്ട വഴി കോഴിക്കോ​േട്ടക്കും മൈസൂരുവിൽനിന്ന് കുട്ട വഴി തിരുവനന്തപുരത്തേക്കുമുള്ള കർണാടക ആർ.ടി.സികളുടെ ബസ് സർവിസുകളും പുനരാരംഭിക്കും. ബംഗളൂരുവിൽനിന്ന് കുടക് വഴി ആരംഭിക്കുന്ന ബസ് സർവിസുകളുടെ ഒാൺലൈൻ റിസർവേഷനും ആരംഭിച്ചിട്ടുണ്ട്.

കണ്ണൂരിലേക്ക് അഞ്ചു ബസുകളുടെയും കാഞ്ഞങ്ങാടേക്കും പയ്യന്നൂരിലേക്കും ഓരോ ബസുകളുടെയും ഓണ്‍ലൈന്‍ റിസര്‍വേഷനുമാണ് കർണാടക ആർ.ടി.സി ആരംഭിച്ചത്. കുടക് വഴിയുള്ള സർവിസുകൾക്ക് പുറമെ മൈസൂരുവിൽനിന്ന് വൈകീട്ട് 6.25ന് ആലപ്പുഴയിലേക്ക് സ്പെഷൽ വോൾവോ എ.സി ബസ് സർവിസും കർണാടക ആർ.ടി.സി ആരംഭിച്ചിട്ടുണ്ട്.

കേരള ആർ.ടി.സിയുടെ ബസുകൾ വെള്ളിയാഴ്ച കണ്ണൂരിൽനിന്നും ബംഗളൂരുവിലെത്തിയശേഷം ശനിയാഴ്ച മുതലായിരിക്കും തിരിച്ച്​ കണ്ണൂരിലേക്കുള്ള സർവിസ് ആരംഭിക്കുക. വീരാജ്പേട്ട് - ഇരിട്ടി വഴിയാണ് ബസ് സർവിസ് നടത്തുക. കുട്ട വഴി കോഴിക്കോട് ഭാഗത്തേക്കുള്ള കേരള ആർ.ടി.സിയുടെ ബസ് സർവിസുകളും വരും ദിവസങ്ങളില്‍ പുനരാരംഭിക്കും.

കുടക് വഴിയുള്ള രാത്രികാലങ്ങളിലെ ബസ് സർവിസ് ഉൾപ്പെടെ പുനരാരംഭിക്കുന്നത് കണ്ണൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് ആശ്വാസമാകും. കുടകിലെ നിയന്ത്രണങ്ങളെ തുടർന്ന് കണ്ണൂർ ഭാഗത്തേക്കുള്ളവർ കൂടുതലായും ട്രെയിനാണ് ആശ്രയിക്കുന്നത്. കുടകിലെ നിയന്ത്രണങ്ങളെ തുടർന്ന് സ്വകാര്യ ബസുകൾ സുള്ള്യ വഴിയാണ് കണ്ണൂരിലേക്ക് സർവിസ് നടത്തിയിരുന്നത്.

കുടകിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയെങ്കിലും കേരളത്തിൽനിന്നും കർണാടകയിലേക്ക് വരുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടിയിൽ ഇതുവരെ സർക്കാർ ഇളവ് പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂരിലേക്കും കാഞ്ഞങ്ങാട്ടേക്കുള്ള ബസ് സർവിസുകൾ പുനരാംഭിക്കുന്നുണ്ടെങ്കിലും ബംഗളൂരുവിൽനിന്നും കാസർകോ​​േട്ടക്കുള്ള കർണാടക ആർ.ടി.സിയുടെ ബസ് സർവിസുകൾ പുനരാരംഭിച്ചിട്ടില്ല.

Tags:    
News Summary - Bus services from Bangalore to Kerala via Kodagu will resume on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.