ജയ്പൂർ: രാജസ്ഥാനിൽ ബസിന് തീപിടിച്ച് നിരവധി പേർക്ക് പരിക്ക്. രാജസ്ഥാനിലെ ജെയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോവുകയായിരുന്ന ബസിനാണ് തീ പിടിച്ചത്. സംഭവത്തിൽ മൂന്ന് കുട്ടികളും നാല് സ്ത്രീകളുമടക്കം 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.
ജെയ്സാൽമീറിൽനിന്ന് 57 യാത്രക്കാരുമായാണ് ബസ് പുറപ്പെട്ടത്. ജയ്‌സാൽമീറിൽ ഏകദേശം 20 കിലോമീറ്റർ ബസ് പിന്നിട്ടപ്പോഴാണ് സംഭവം. യാത്രക്കാരാണ് ബസിന്‍റെ പുറകുവശം തീപടരുന്നത് കണ്ടത്. എന്നാൽ യാത്രക്കാരെല്ലാം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ തീ ബസിലേക്ക് പടർന്നു. തീ പടരുന്നത് കണ്ട പ്രദേശവാസികളും വഴിയാത്രക്കാരും രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് ജില്ലാ ഭരണകൂടം അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ജെയ്‌സാല്‍മീറിലുള്ള ജവഹര്‍ ആശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കേറ്റവരെജോധ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായും അറിയിച്ചു. ദുരന്തത്തിൽ ഉപമുഖ്യമന്ത്രി ദിയ കുമാരിയും ദു:ഖം രേഖപ്പെടുത്തി. വാഹനത്തിന്റെ എയർ കണ്ടീഷനിംഗ് യൂണിറ്റിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.