ആര്യൻ ഖാൻ, ശ്രാവൺ നാടാർ

ആര്യനൊപ്പം ജയിലിൽ കഴിഞ്ഞ മോഷ്ടാവ് 'താരമായി'; ചാനലുകളിൽ അഭിമുഖം, ഒടുവിൽ കിട്ടിയത് 'എട്ടിന്‍റെ പണി'

മുംബൈ: ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസിൽ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന് വ്യാഴാഴ്ച ബോംബെ ഹൈകോടതി ജാമ്യം നൽകിയപ്പോൾ കോടതി പരിസരത്ത് താരമായി മാറിയത് ഒരു മോഷ്ടാവായിരുന്നു. ആര്യൻ ഖാനോടൊപ്പം സെല്ലിൽ കഴിഞ്ഞുവെന്ന് അവകാശപ്പെട്ട 44കാരനായ ശ്രാവൺ നാടാർ എന്നയാളാണ് ശ്രദ്ധാകേന്ദ്രമായി മാറിയത്. ആര്യൻ ഖാന്‍റെ ജയിൽ ജീവിതത്തെ കുറിച്ച് 'എക്സ്ക്ലുസീവ്' വിവരങ്ങളുമായി ചാനലുകളിൽ നിറഞ്ഞതോടെ പൊലീസ് വീണ്ടും ഇയാളെ തേടിയെത്തി.

തമിഴ്നാട് സ്വദേശിയായ ശ്രാവൺ നാടാർ മോഷണക്കേസിൽ അറസ്റ്റിലായാണ് ആർതർ റോഡ് ജയിലിലെത്തിയത്. ആര്യൻ ഖാൻ ഉൾപ്പെടെ മയക്കുമരുന്ന് കേസിലെ പ്രതികളെയും ഇതേ ജയിലിലായിരുന്നു പാർപ്പിച്ചത്. ആര്യൻ കഴിഞ്ഞ ഒന്നാം നമ്പർ ബാരക്കിലാണ് ശ്രാവൺ നാടാറും ഉണ്ടായിരുന്നത്. 10 ദിവസത്തിന് ശേഷം നാടാർക്ക് ജാമ്യം കിട്ടി പുറത്തിറങ്ങുകയും ചെയ്തു.

വ്യാഴാഴ്ച ആര്യൻ ഖാന് കോടതി ജാമ്യം നൽകിയപ്പോൾ നാടാർ കോടതിക്ക് പുറത്ത് എത്തിയിരുന്നു. എന്നാൽ, നടപടിക്രമങ്ങൾ ബാക്കിയുള്ളതിനാൽ ആര്യന് അന്ന് പുറത്തിറങ്ങാനായില്ല. ഇതിനിടെയാണ് താൻ ആര്യന്‍റെ ജയിൽ മേറ്റാണെന്ന കാര്യം ഇയാൾ വെളിപ്പെടുത്തിയത്. ആര്യനെ കാണാനെത്തിയതാണെന്നും പറഞ്ഞു. ഇതോടെ, മാധ്യമങ്ങൾക്ക് മുന്നിൽ ശ്രാവൺ നാടാർ താരമായി മാറുകയായിരുന്നു.

ആര്യൻ ഖാനും താനും ഒരുമിച്ചായിരുന്നെന്നും ജയിലിനകത്ത് ആര്യൻ പൊട്ടിക്കരയുന്നത് കണ്ടിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു. ജയിലിൽ വെച്ച് ആര്യന്‍റെ മുടി വെട്ടിയിട്ടുണ്ട്. പുറത്തിറങ്ങിയാൽ പോയി പിതാവായ ഷാരൂഖ് ഖാനെ കാണണമെന്നും ജയിലിനകത്തേക്ക് പണം കൊടുത്തയക്കണമെന്നും ആര്യൻ തന്നോട് ആവശ്യപ്പെട്ടിരുന്നതായും ഇയാൾ പറഞ്ഞു. ഇതുപ്രകാരം താൻ ആര്യന്‍റെ വീടായ മന്നത്തിൽ പോയി ആര്യൻ പറഞ്ഞ കാര്യം അറിയിച്ചെങ്കിലും സെക്യൂരിറ്റി ജീവനക്കാർ തന്നെ അകത്തുകടത്തിയില്ലെന്നും ഇയാൾ പറഞ്ഞു. ഇതോടെ നിരവധി ചാനലുകളിലാണ് ശ്രാവൺ നാടാറിന്‍റെ അഭിമുഖം വന്നത്.

ആര്യനും നാടാറും ഒരേ ബാരക്കിലായിരുന്നു കഴിഞ്ഞതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. എന്നാൽ, പണം നൽകാൻ ആര്യൻ ഇയാളെ പറഞ്ഞേൽപ്പിച്ചുവെന്നത് വിശ്വസനീയമല്ലെന്നും പണം തട്ടാനുള്ള നീക്കമാണെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു.

മോഷണവും പിടിച്ചുപറിയും ഉൾപ്പെടെ 13 കേസുകൾ നാടാർക്കെതിരെയുണ്ടായിരുന്നു. ഇതിലൊരു കേസിലാണ് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞത്. ജുഹു പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മൂന്ന് മോഷണ കേസുകൾ ഉണ്ടായിരുന്നു. എട്ട് മാസമായി ജുഹു പൊലീസ് ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. ഈ സമയത്താണ് ആര്യനെ കുറിച്ചുള്ള അഭിമുഖങ്ങളുമായി ഇയാൾ ചാനലുകളിൽ നിറഞ്ഞത്. ഇതോടെ ജുഹു പൊലീസ് ഇയാളെ കണ്ടെത്തി വീണ്ടും അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശ്രാവൺ നാടാറിനെ നവംബർ ഒന്നു വരെ റിമാൻഡ് ചെയ്യുകയും ചെയ്തു. 

Tags:    
News Summary - Burglar boasts about his short stint with Aryan Khan in jail, lands in police net again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.