Representational Image
സംഭൽ (യു.പി): ഉത്തർപ്രദേശിലെ സംഭലിൽ കൈയേറ്റം ആരോപിച്ച് ഖബർസ്ഥാന്റെ മതിൽ പൊളിച്ചു. മുറാദാബാദ് റോഡിൽ ചാൻദൗസി ഭാഗത്താണ് ബുധനാഴ്ച രാത്രി സബ് ഡിവിഷനൽ മജിസ്ട്രേറ്റ് വിനയ് കുമാർ മിശ്രയുടെ നേതൃത്വത്തിൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്.
റെയിൽവേ ക്രോസിങ്ങിന് സമീപമുള്ള ഖബർസ്ഥാന്റെ മതിൽ 10 മീറ്റർ പുറത്താണ് കെട്ടിയതെന്ന് കണ്ടെത്തിയെന്നും ഗതാഗത തിരക്ക് കാരണമാണ് ദൗത്യം രാത്രിയാക്കിയതെന്നും വിനയ് കുമാർ മിശ്ര പറഞ്ഞു. ആറുമാസം മുമ്പ് ആരംഭിച്ച ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഭാഗത്ത് ഏഴ് മീറ്റർ നേരത്തേ ഒഴിപ്പിച്ചിരുന്നു. ഇവിടെ പുല്ല് നീക്കി നിരപ്പാക്കി.
കഴിഞ്ഞവർഷം നവംബറിൽ, കോടതി ഉത്തരവിനെ തുടർന്ന് സംഭൽ ശാഹി മസ്ജിദിൽ നടന്ന സർവേക്ക് പിന്നാലെയുണ്ടായ സംഘർഷത്തിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ച് മുസ്‌ലിംകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിനു ശേഷം സംഭലിലും പരിസരപ്രദേശങ്ങളിലും ബുൾഡോസർ രാജ് നടപ്പാക്കുകയാണ് യു.പി സർക്കാറും തദ്ദേശ ഭരണകൂടങ്ങളും. നിരവധി മുസ്‍ലിംകളുടെ വീടും സ്ഥാപനങ്ങളും ആരാധനാലയങ്ങളുമാണ് കൈയേറ്റം ആരോപിച്ച് പൊളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.