ബുൾഡോസർ ഇറക്കിയെങ്കിൽ ഇരകൾ വരട്ടെ -സുപ്രീംകോടതി

ന്യൂഡൽഹി: വിലക്ക് ലംഘിച്ച് ബുൾഡോസറുകൾ ഇറക്കി കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയതിനെതിരെ സംഘടനകളല്ല, ഇരകളാണ് കേസുമായി വരേണ്ടതെന്ന് സുപ്രീംകോടതി. ഉത്തർപ്രദേശിലെ കാൺപൂരിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും രാജസ്ഥാനിലെ ജയ്പൂരിലും സുപ്രീംകോടതി വിധി ധിക്കരിച്ച് കുറ്റാരോപണത്തിനിരയായവരുടെ കെട്ടിടങ്ങൾ ബുൾഡോസറുകൾ ഇറക്കി പൊളിച്ചതിനെതി​രെ സമർപ്പിച്ച ഹരജിയിലാണ് നിർദേശം. ഹരജിയുമായെത്തിയ ദേശീയ മഹിളാ ഫെഡറേഷനോട് ‘പണ്ടോറയുടെ പെട്ടി’ തുറക്കാൻ തങ്ങളില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പരാതിയുമായെത്തിയ മൂന്നാം കക്ഷിയാണ് ദേശീയ മഹിള ഫെഡറേഷനെന്ന യു.പി സർക്കാറിന്റെ വാദം അംഗീകരിച്ചാണ് സുപ്രീംകോടതി ഉത്തരവ്. കേസിലെ നടപടി നേരിട്ടോ അല്ലാതെയോ ഹരജിക്കാരെ ബാധിക്കുന്നതല്ലെന്നും അതിനാൽ കേൾക്കാൻ തയാറല്ലെന്നും ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.

ഇരകളാക്ക​പ്പെട്ടവർ ജയിലിലാണെന്നും കോടതിയലക്ഷ്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ചെയ്തതെന്നും ഫെഡറേഷൻ ബോധിപ്പിച്ചപ്പോൾ ഇരകളുടെ കുടുംബം വരട്ടെ എന്നായിരുന്നു ജസ്റ്റിസ് ഗവായിയുടെ മറുപടി. അല്ലെങ്കിൽ ആ പ്രദേശത്തുനിന്നുള്ള ആരെങ്കിലും വരട്ടെ. ഹരിദ്വാറിൽനിന്നുള്ള പൊതുതാൽപര്യ ഹരജിക്കാരൻ പറയുന്നതിൽ അൽപം വസ്തുതയുണ്ട്. എന്നാൽ, പത്ര റിപ്പോർട്ടുകൾ മാത്രം അടിസ്ഥാനമാക്കിയാൽ ‘പണ്ടോറയുടെ പെട്ടി’ തുറക്കുകയാകും ഫലമെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. വളരെ പ്രയാസപ്പെട്ടാണ് ഇത്തരം വിവരങ്ങൾ മാധ്യമപ്രവർത്തകർ പുറത്തെത്തിക്കുന്നതെന്ന് പറഞ്ഞപ്പോൾ ‘അവർ കോടതിയിൽ വരട്ടെ തങ്ങൾ പരിശോധിക്കാ’മെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു.

Tags:    
News Summary - bulldozer is brought down, let the victims come - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.