കൊടിക്കുന്നിൽ സുരേഷ് എം.പി

എഫ്.സി.ആർ.എ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് എം.പിമാർ നിർബന്ധമായും സഭയിൽ ഹാജരാകണം -കൊടിക്കുന്നിൽ സുരേഷ് എം.പി

ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ അവസാന മൂന്ന് ദിവസങ്ങളിൽ കോൺഗ്രസ് എം.പിമാരുടെ പൂർണ സാന്നിധ്യം ഉറപ്പാക്കുന്നതിനായി പാർട്ടി വിപ്പ് പുറപ്പെടുവിച്ചതായി കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ആഗസ്റ്റ് 10, 11, 12 തീയതികളിൽ ലോക്സഭയിലും രാജ്യസഭയിലും കോൺഗ്രസ് എം.പിമാർ നിർബന്ധമായും ഹാജരാകണമെന്നാണ് നിർദേശം. എഫ്.സി.ആർ.എ ഭേദഗതി ബിൽ ഉൾപ്പെടെ നിർണായക നിയമനിർമാണങ്ങൾ സഭയുടെ പരിഗണനക്ക് വരാനിരിക്കുന്ന സാഹചര്യത്തിലാണ് എം.പിമാരുടെ സാന്നിധ്യം ഉറപ്പാക്കാൻ പാർട്ടി നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്.

2023ലെ ശീതകാല സമ്മേളനത്തിൽ 146 പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തതിനെ തുടർന്ന് നിരവധി സുപ്രധാന നിയമങ്ങൾ പ്രതിപക്ഷത്തിന്റെ പരിമിതമായ സാന്നിധ്യത്തിൽ പാസാക്കിയ സാഹചര്യം ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. 'പാർലമെന്റിൽ നിയമനിർമാണം നടക്കുന്നത് സമഗ്രമായ ചർച്ചയുടെയും പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കണം. പ്രതിപക്ഷത്തിന്റെ ശബ്ദം ഒഴിവാക്കി പ്രധാനപ്പെട്ട നിയമങ്ങൾ പാസാക്കുന്നത് ജനാധിപത്യത്തിന്റെ അന്തസത്തക്ക് വിരുദ്ധമാണ്. 2023ലെ അനുഭവം ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് എം.പിമാർ ജാഗ്രതയോടെ സഭയിൽ ഉണ്ടാകും,' അദ്ദേഹം പറഞ്ഞു.

എഫ്.സി.ആർ.എ ഭേദഗതി ബില്ലിനെ കോൺഗ്രസ് ശക്തമായി എതിർക്കുന്നു. രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും സിവിൽ സമൂഹത്തിന്റെയും പ്രവർത്തനങ്ങളെയും ജനാധിപത്യ ഇടത്തിനെയും ബാധിക്കാവുന്ന വ്യവസ്ഥകൾ ഉൾപ്പെടുന്ന ഇത്തരം നിയമനിർമാണങ്ങൾ വിശദമായ പാർലമെന്ററി പരിശോധനക്കും ചർച്ചക്കും വിധേയമാക്കേണ്ടത് അനിവാര്യമാണെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.

അവസാന ദിവസങ്ങളിൽ കോൺഗ്രസ് എം.പിമാരുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യ സഖ്യത്തിലെ കക്ഷികളോടും അവരുടെ എം.പിമാരുടെ പൂർണ സാന്നിധ്യം ഉറപ്പാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണത്തിനായി പ്രതിപക്ഷം ഒറ്റക്കെട്ടായി നിലകൊള്ളും. പാർലമെന്ററി പരിശോധന ഒഴിവാക്കി നിയമങ്ങൾ പാസാക്കാനുള്ള ഏത് നീക്കത്തെയും കോൺഗ്രസ് ശക്തമായി ചെറുക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.

Tags:    
News Summary - എഫ്.സി.ആർ.എ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് എംപിമാർ നിർബന്ധമായും സഭയിൽ ഹാജരാകണം -കൊടിക്കുന്നിൽ സുരേഷ് എം.പി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.