പ്രമുഖ ബി.എസ്.പി നേതാവ് ബി.ജെ.പിയിൽ; മറുപടിയുമായി മായാവതി

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി ബി.എസ്.പിയിലെ പ്രമുഖൻ ബി.ജെ.പിയിൽ ചേർന്നു. യു.പിയിലെ അംബേദ്കർ നഗർ മണ്ഡലത്തിൽ നിന്ന് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റിതേഷ് പാണ്ഡെയാണ് ബി.എസ്.പി വിട്ടത്. 42കാരനായ റിതേഷിന്റെ പിതാവ് രാകേഷ് പാണ്ഡെ സമാജ്‍വാദി പാർട്ടി എം.എൽ.എയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങളിൽ ആകൃഷ്ടനായാണ് ബി.ജെ.പിയിലേക്ക് പോകുന്നതെന്ന് റിതേഷ് പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് ബി.എസ്.പി നേതാവും മുൻ യു.പി മുഖ്യമന്ത്രിയുമായ മായാവതിക്ക് ഇദ്ദേഹം രാജിക്കത്ത് കൈമാറിയത്. ലോക്സഭയിലേക്ക് മത്സരിക്കാൻ തനിക്ക് ടിക്കറ്റ് നൽകിയതിൽ മായാവതിക്ക് രാജിക്കത്തിലൂടെ റിതേഷ് നന്ദിപറയുന്നുണ്ട്. ഒരു പാർട്ടി പ്രവർത്തകനായി ബി.എസ്.പിയിലെത്തിയ തന്നെ വളർത്തിയത് മായാവതിയാണെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ കുറെക്കാലമായി പാർട്ടിയോഗങ്ങൾക്കൊന്നും തന്നെ വിളിക്കാറില്ലെന്നും മാറ്റിനിർത്തുകയാണെന്നും കത്തിൽ പരാതിപ്പെട്ട റിതേഷ് അതിനാലാണ് മറ്റൊരു താവളം തേടുന്നതെന്നും പറയുന്നുണ്ട്. നേതൃതലയോഗങ്ങളിൽ തന്നെ പ​ങ്കെടുപ്പിക്കാറില്ല. മായാവതിയെയും മുതിർന്ന നേതാക്കളെയും കണ്ട് സംസാരിക്കാൻ ഒരുപാട് തവണ ശ്രമം നടത്തി. എന്നാൽ ഒരുകാര്യവുമുണ്ടായില്ല. ഒടുവിൽ പാർട്ടിക്ക് എന്നെ ആവശ്യമില്ലെന്ന നിഗമനത്തിൽ എത്തി. പാർട്ടി അംഗത്വം രാജിവെക്കുകയല്ലാതെ മറ്റൊരു വഴിയും മുന്നിൽ ഇല്ലെന്ന് മനസിലായി. വളരെ വേദനാജനകമായിരുന്നു ആ തീരുമാനമെടുക്കൽ.-എന്നാൽ റിതേഷ് രാജിക്കത്തിൽ പറഞ്ഞത്.

ബി.ജെ.പി നേതാക്കളുമായി ബന്ധപ്പെട്ടപ്പോൾ നിലവിലെ ലോക്സഭ സീറ്റ് തന്നെ നൽകാമെന്ന് റിതേഷിന് ഉറപ്പുനൽകിയതായാണ് വിവരം. അതിനു ശേഷമാണ് റിതേഷ് ബി.എസ്.പിയിൽ നിന്ന് രാജിവെച്ചത്. ബി.എസ്.പി ദലിതുകളുടെ ഉന്നമനത്തിനായി ബി.ആർ. അംബേദ്കറുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് ബി.എസ്.പി എന്നായിരുന്നു റിതേഷിന്റെ ആരോപണങ്ങൾക്ക് മറുപടിയായി മായാവതി എക്സിൽ കുറിച്ചത്. അതിനാൽ പാർട്ടിയുടെ പ്രത്യയ ശാസ്ത്രവും പ്രവർത്തനവും സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പും മറ്റ് മുതലാളിത്ത പാർട്ടികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും അവർ കൂട്ടിച്ചേർത്തു.

ലോക്‌സഭാ എം.പിമാർ തങ്ങളുടെ സ്വാർഥ ലക്ഷ്യങ്ങൾക്കായി ചുറ്റിക്കറങ്ങുകയും നിഷേധാത്മക ചർച്ചകളുടെ ഭാഗമായി തുടരുകയും ചെയ്യുമ്പോൾ അവർക്ക് ടിക്കറ്റ് നൽകാൻ കഴിയുമോയെന്നും പാർട്ടിയുടെ താൽപ്പര്യമാണ് പരമപ്രധാനമെന്നും അവർ വ്യക്തമാക്കുകയും ചെയ്തു.

Tags:    
News Summary - BSP MP Joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.